അടൂർ: വായനദിനത്തിൽ വ്യത്യസ്ഥമായ പദ്ധതിയുമായി പഴകുളം കെ.വി.യു.പി സ്കൂൾ. സ്ക്കൂളിലെ മുഴുവൻ കുട്ടികൾക്കും ഓരോ പുസ്തകങ്ങളുമായി അദ്ധ്യാപകർ വീടുകളിലെത്തി. പഴകുളം സനാതന ഗ്രന്ഥശാലയും എസ്.കെ.വി യു.പി സ്കുളും സംയുക്തമായാണ് കൊവിഡ് കാലത്ത് വീട്ടിലിരിക്കുന്ന കുട്ടികൾക്കായി 'കുട്ടിക്കൊരു പുസ്തകം ' എന്ന പദ്ധതിയിലൂടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും ഓരോ പുസ്തകം ഇന്നലെ വീട്ടിലെത്തിച്ചു നൽകിയത്. പതിനായിരത്തോളം രൂപയുടെ പുസ്തകങ്ങളാണ് ഇതിനായി വാങ്ങിയത്. പരിപാടിയുടെ ഉദ്ഘാടനം ഡോ.പഴകുളം സുഭാഷ് നിർവഹിച്ചു. ചടങ്ങിൽ എസ്.ആർ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് കവിതാ മുരളി സ്വാഗതം പറഞ്ഞു. ഉണ്ണികൃഷ്ണൻ പൂഴിക്കാട് വായനാദിന സന്ദേശം നൽകി കേരള ലൈബ്രററി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. അദ്ധ്യാപകരായ കെ.എസ്.ജയരാജ്, ബസീം.ഐ. ഗ്രന്ഥശാലാകമ്മിറ്റി അംഗങ്ങളായ എ.ഷാജഹാൻ, പഴകുളം മുരളി എന്നിവർ ആശംസയും ഗ്രന്ഥശാലാ സെക്രട്ടറി ജയകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.