കോന്നി: എ.​ടി.എമ്മിൽ നിന്ന് ലഭിച്ച തുക ബാങ്ക് അധികൃതരെ ഏല്പിച്ച് പ്ലസ്ടു വിദ്യാർത്ഥി മാതൃകയായി. അട്ടച്ചാക്കൽ തോട്ടാവേലിൽ സുരേഷ് കുമാറിന്റെ മകനും, ഐരവൺ പി.എസ്.വി.പി.എം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയുമായ ആകാശ് എസ് നായരാണ് തനിക്ക് ലഭിച്ച തുക ബാങ്കിൽ എത്തിച്ചു നൽകിയത്. വെള്ളിയാഴ്ച രാവിലെയാണ് ആകാശിനെ അട്ടച്ചാക്കലിലെ എസ്.ബി.ഐയുടെ എ.​ടി.എമ്മിലേക്ക് പണം എടുക്കാനായി മാതാവ് വി.ലേഖ എ.​ടി.എം കാർഡ് നൽകി പറഞ്ഞു വിട്ടത്. ഇവിടെ എത്തിയ ആകാശ് കാർഡ്മിഷ്യനിൽ ബന്ധിപ്പിക്കുമ്പോൾ കാഷ് ബോക്‌സിൽ പണം കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. എണ്ണി നോക്കിയപ്പോൾ 9,500 രൂപയുണ്ടായിരുന്നു. തൊട്ടുമുമ്പ് എ.​ടി.എമ്മിൽ പണമെടുക്കാനെത്തിയ ആരുടെയോ പണമാണിതെന്ന് ബോദ്ധ്യപ്പെട്ട ആകാശ് ഉടൻ തന്നെ വീട്ടിൽ തിരികെ എത്തി മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. മാതാവ് എസ്.ബി.ഐ കോന്നി ശാഖയിലേക്ക് ഫോൺ ചെയ്ത്ത് മാനേജരോട് വിവരം പറയുകയും തുടർന്ന് ആകാശിനെയും കൂട്ടി ബാങ്കിലെത്തി പണം മാനേജർക്ക് കൈമാറി.