തിരുവല്ല: നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ സബിത സലീമിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കുറ്റപ്പുഴ പി.എച്ച്.സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ വത്സലയ്ക്കെതിരെ നഗരസഭാ കൗൺസിൽ യോഗം പ്രമേയം പാസാക്കി. ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച സംഭവങ്ങൾ ഉണ്ടായത്. അഞ്ചാം വാർഡിലെ വാക്സിനേഷനെക്കുറിച്ച് അന്വേഷിക്കാനെത്തിയ കൗൺസിലറോട് ഹെൽത്ത് ഇൻസ്പെക്ടർ മോശമായി പെരുമാറിയെന്നാണ് പരാതി. ഈ സാഹചര്യത്തിലാണ് അടിയന്തര യോഗം ചേർന്ന് കൗൺസിൽ പ്രമേയം പാസാക്കിയത്. അതേസമയം ആരോഗ്യ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ ഐ.എം.എയും പ്രതിഷേധം രേഖപ്പെടുത്തി. ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. ആരോഗ്യ പ്രവർത്തകയെ ആക്രമിക്കാൻ ശ്രമിച്ചെന്ന പരാതി തിരുവല്ല പൊലീസിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ ഒത്തുതീർപ്പായി.