മല്ലപ്പള്ളി :സമ്പൂർണ യോഗ ഗ്രാമമായ കുന്നന്താനത്ത് രണ്ടാംഘട്ടമായി 5 വയസു മുതൽ 20 വയസുവരെയുള്ള പെൺകുട്ടികൾക്ക് യോഗ, ചൈനീസ് കുങ്ഫു എന്നിവയിൽ പരിശീലനം നൽകാൻ ധീര എന്നപേരിൽ പദ്ധതി ആരംഭിക്കുന്നു. പെൺകുട്ടികൾക്കായി രൂപീകരിക്കുന്ന സ്വയം പ്രതിരോധ ശാക്തീകരണ സേനയാണ് ധീര. ആദ്യഘട്ടമായി കുന്നന്താനം പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടപ്പാക്കുന്ന പദ്ധതിയിൽ പ്രദേശമോ പ്രായപരിധിയോ ബാധകമാകാതെ സ്ത്രീകൾക്ക് പങ്കെടുക്കാം. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാലക്കൽത്തകിടി യൂണിറ്റും സി.പി.എം. പാലക്കൽത്തകിടി-എ (കാഞ്ഞിരത്താനം) ബ്രാഞ്ചും സംയുക്തമായി സംഘടിപ്പിക്കുന്നതാണ് പദ്ധതി. കുങ്ഫു സ്‌പോർട്‌സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം.ജി. ദിലീപിന്റെ നേതൃത്വത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പരിശീലകർ. അന്താരാഷ്ട്ര യോഗദിനമായ 21ന് 3ന് പാലയ്ക്കൽത്തകിടിയിൽ ജില്ലാ പഞ്ചായത്തംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്യും. കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു അദ്ധ്യക്ഷത വഹിക്കും. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഷിനി.കെ.പിള്ള
രാജി സനുകുമാർ, രഞ്ജിനി അജിത്, രജനി ഷിബുരാജ്, ഓമന രവി, എസ്.വി സുബിൻ എന്നിവർ പ്രസംഗിക്കും. പദ്ധതിയുടെ നടത്തിപ്പിനായി എം.ജി ദിലീപ്, കെ.കെ. വത്സല, ജോളി റെജി (രക്ഷാധികാരികൾ), എസ്.വി സുബിൻ കുന്നന്താനം (ചെയർമാൻ), രഞ്ജിനി അജിത് (കൺവീനർ)
എന്നിവർ ഭാരവാഹികളായി 51 അംഗ സംഘാടകസമിതി രൂപീകരിച്ചു.