തിരുവല്ല: കാരയ്ക്കൽ മട്ടയ്ക്കൽ - ഇട്ടിച്ചൻ പറമ്പ് റോഡ് നിർമ്മാണം പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. ഒരു വർഷക്കാലമായി റോഡ് നിർമ്മാണം നിലച്ചു കിടക്കുന്നതിൽ പ്രതിഷേധിച്ചാണ് പെരിങ്ങര ഒമ്പതാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ ചേർന്ന് ഉപരോധ സമരം സംഘടിപ്പിച്ചത്. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച 27 ലക്ഷം രൂപ വിനിയോഗിച്ച് ആരംഭിച്ച റോഡ് നിർമ്മാണം ചെല സ്വകാര്യ വ്യക്തികളുടെ എതിർപ്പിനെ തുടർന്ന് പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. റോഡിൽ നടത്തിയ മെറ്റിലിംഗ് ഇളകി മാറിയതോടെ വലിയ തരത്തിലുള്ള യാത്രാ ബുദ്ധിമുട്ടുകളാണ് പ്രദേശവാസികൾ അനുഭവിക്കുന്നത്. ഇതേതുടർന്നാണ് സമരം സംഘടിപ്പിച്ചത്. വാർഡ് മെമ്പർ ടി.വി വിഷ്ണു നമ്പൂതിരി ഉപരോധ സമരം ഉദ്‌ഘാടനം ചെയ്തു. രാജൻ മാത്യു മാതകച്ചേരിൽ, മനോജ് വെട്ടിക്കൽ, ഗിരീഷ് കുമാർ കോതേക്കാട്ട്, സന്ദീപ് കളത്തിൽ, സാം തോമസ് കൊച്ചീത്ര, സജി മണത്താച്ചേരിൽ, ലാൽ മട്ടയ്ക്കൽ, ധന്യ രാജേഷ് എന്നിവർ നേതൃത്വം നൽകി.