പത്തനംതിട്ട : ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒളിമ്പിക്ദിനവാരാഘോഷത്തിന് തുടക്കം കുറിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാറിന് ഒളിമ്പിക് ദീപശിഖ കൈമാറി വാരാഘോഷം ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ.പ്രസന്ന കുമാർ, ട്രഷറർ ഡോ.ചാർളി ചെറിയൻ, ജയൻ, സനൽ ജി,കുര്യൻ ഫിലിപ്പ്, ബിജു, മുഹമ്മദ് ഷാ തുടങ്ങിയവർ പ്രസംഗിച്ചു. ദേശീയ കായിക താരങ്ങളായ ദേവൻ, ബിജിൻ, ഷൈൻ ആർ,ആതിൽ പ്രസൂൺ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിൽ ദീപശിഖാ പ്രയാണം നടത്തി. വാരാഘോഷത്തിന്റെ ഭാഗമായി വിവിധമത്സരങ്ങൾ ജില്ലയിൽനടത്തും. ഇന്ന് നടത്തുന്ന ക്വിസ് മത്സരം രാവിലെ 10ന് നഗരസഭാദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. നാളെ യോഗ ദിനത്തോനുബന്ധിച്ചുളള വെബിനാർ 3ന് മാത്യുടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. 22ന് രാവിലെ 10ന് ഫുഡ്‌ബോൾ ക്വിസ്മത്സരം ഉണ്ടായിരിക്കും. വൈകുന്നേരം 6ന് ആരോഗ്യവും വ്യായമവും എന്നവിഷയത്തിൽ വെബിനാർ നടത്തും. കേരള ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ജനറൽ എസ്.രാജീവ് ഉദ്ഘാടനം ചെയ്യും. മത്സരങ്ങൾ എല്ലാം ഓൺലൈൻ ആയിരിക്കും. 23 ബുധൻ രാവിലെ 8ന് ഒളിമ്പിക്‌സ് വാരാഘോഷ സമാപനം കോന്നി എം.എൽ.എ ജനീഷ് ഉദ്ഘാടനം ചെയ്യും.