ആറന്മുള : പഞ്ചായത്തിൽ വല്ലന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ പ്രോഗ്രാം സി.പി.എം വാർഡ് മെമ്പറുടെ ഇടപെടലിൽ അട്ടിമറിക്കുന്നതായി പരാതിപ്പെട്ട് കോൺഗ്രസ് രംഗത്ത്. കേന്ദ്ര-കേരളാ സർക്കാരുകളുടെ നിർദ്ദേശമനുസരിച്ചും വാക്‌സിൻ അലോട്ടുമെന്റും അനുസരിച്ചുമാണ് വാക്‌സിനേഷൻ നടന്നു വരുന്നത്. കഴിഞ്ഞ ദിവസം വിവിധ വാർഡുകളിലെ 15 പേർക്ക് വീതം മുൻഗണനാ ക്രമത്തിൽ വാക്‌സിൻ നൽകാൻ അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഒരു വനിതാ സി.പി.എം അംഗം അധികൃതരെ വിളിച്ച് തന്റെ വാർഡിലെ മുഴുവൻ പേർക്കും കൊടുത്തതിന് ശേഷമെ മറ്റുള്ളവർക്ക് കെടുക്കാൻ അനുവദിക്കൂ എന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. വാർഡിൽ വാക്‌സിൻ കിട്ടാനുളളവർ മുഴുവൻ അന്നേ ദിവസം വാക്‌സിൻ കേന്ദ്രത്തിൽ തടിച്ചു കൂടണമെന്ന് സോഷ്യൽ മീഡിയായിൽ പോസ്റ്റിട്ടതിനെ തുടർന്ന് ആളുകൾ തടിച്ചുകൂടി സ്ഥിതി അവതാളത്തിലാകുകയായിരുന്നു. മാത്രമല്ല വാർഡിലെ ലിസ്റ്റിൽ ഇല്ലാതിരുന്ന 45 പേർക്ക് കൂടി വാക്‌സിൻ എടുപ്പിക്കുകയും ചെയ്തു. ആരോഗ്യ പ്രവർത്തകരെ ഭീഷണി പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. പൊലീസ് എത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. ഇതുവരെ സുതാര്യമായി നടന്ന വന്ന വാക്‌സിൻ വിതരണം ഇപ്രകാരം ഭീഷണി മുഴക്കി അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡന്റ് കെ.ശിവ പ്രസാദ് കിടങ്ങന്നൂർ മണ്ഡലം പ്രസിഡന്റ് പി.എം.ജേക്കബ് എന്നിവർ അധികൃതർക്ക് പരാതി നൽകി.