pathanamthitta-diary

രു വർഷം മുൻപ് കോന്നി വനം ഡിവിഷനിൽ നടന്ന തേക്ക് തടി കടത്തും കഴിഞ്ഞ ദിവസങ്ങളിൽ കോന്നിയിൽ കണ്ടെത്തിയ ജലാറ്റിൻ സ്റ്റിക്കും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?. മരംമുറി വിവാദം കത്തിനിൽക്കുന്ന ഇൗ സമയത്ത് പത്തനംതിട്ടയിലെ വനം, പൊലീസ് ഉദ്യോഗസ്ഥർക്കിടയിൽ നിലനിൽക്കുന്ന ഒരു സംശയം ഇതാണ്. ആരാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത് എന്നതും തർക്ക വിഷയം. വനപാലകർ കാര്യങ്ങൾ തടികടത്ത് അന്വേഷണത്തിൽ ഒതുക്കി. ജലാറ്റിൻ സ്റ്റിക്കുകൾ ഒരു പാലത്തിനടിയിൽ നിന്ന് എടുത്തുകൊണ്ടു പോയി എന്നുള്ളതല്ലാതെ പൊലീസിന് അത് വലിയൊരു വിഷയമല്ലാതായി. തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പത്തനാപുരം പൊലീസ് അച്ചൻകോവിൽ വനത്തിലെ പാടത്ത് നിന്ന് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്തിരുന്നു. അതിന്റെ പിറ്റേന്നാണ് കോന്നിയിലും സ്റ്റിക്കുകൾ കണ്ടെടുത്തത്. തീവ്രവാദ സംഘടനകളുടേതാണ് ജലാറ്റിൻ സ്റ്റിക്കുകളെന്ന് തമിഴ്നാട് പാെലീസ് ഉറപ്പിച്ചു പറയുന്നു. കേരള പൊലീസ് അത് പറയുന്നില്ല. കോന്നിയിലെ തടികടത്തിന്റെ കാണാപ്പുറങ്ങളിലേക്ക് പോയാൽ ജലാറ്റിൻ സ്റ്റിക്കുകളുമായി അതിന് ബന്ധമുണ്ടോ എന്നറിയാം.

തടി കടത്ത്

വനം വകുപ്പ് കോന്നി ഡിവിഷന് കീഴിൽ പാടം, നടുവത്തുമൂഴി ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ നിന്ന് വൻ തോതിൽ തേക്കുതടികൾ കടത്തിക്കൊണ്ടുപോയത് മാസങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

പാടം പറക്കുളം തേക്ക് കൂപ്പിൽ കണക്കിൽപ്പെടുത്താനാവാതെ സൂക്ഷിച്ചിരുന്ന നൂറോളം തേക്ക് തടികളും കല്ലേലി ഡമ്പിംഗ് സൈറ്റിൽ അട്ടിവച്ചിരുന്ന നിരവധി തേക്ക് കഴകളും നടുവത്തുമൂഴി വനത്തിലെ വിവിധ സ്റ്റേഷനുകളുടെ പരിധിയിൽ ഉണങ്ങി നിന്നിരുന്നതും വീണുകിടന്നിരുന്നതുമായ തേക്ക് തടികളുമാണ് മോഷണം പോയത്. കല്ലേലി ഹാരിസൺ മലയാളം പ്ലാന്റേഷനിലെ റബർ മരങ്ങൾ മുറിച്ചു നീക്കം ചെയ്തതിന്റെ മറവിൽ ഒരു മുൻ റെയ്ഞ്ച് ഓഫീസറും ചില വനപാലകരും കൂടി തേക്ക് തടി കടത്തിക്കൊണ്ടു പോവുകയായിരുന്നു. അതിന് സഹായിച്ച തൊഴിലാളികളിൽ ചിലർ സ്വന്തം നിലയിലും തടി കടത്തിക്കൊണ്ടുപോയി.
ഉൾവനങ്ങളിൽ പല സ്ഥലങ്ങളിലായി തീയിട്ടു വനപാലകരുടെ ശ്രദ്ധ തിരിച്ചാണ് തടികടത്ത്‌ സംഘം തടികൾ മുറിച്ചു കടത്തിയിരുന്നത്.

കരിപ്പാൻതോട്, പാടം വനം സ്റ്റേഷനുകളുടെ പരിധിയിൽ നിന്ന് എട്ട് തേക്ക് മരങ്ങൾ മുറിച്ച് കടത്തിയത് കണ്ടെത്തി കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ഏറെ നാളായി നടന്നുവന്ന തടികടത്തിന്റെ സൂചനകൾ പ്രദേശവാസികളായ ഫോറസ്റ്റ് ഹെഡ് ലോഡ് തൊഴിലാളികളും മറ്റും വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഇങ്ങനെ കടത്തിക്കൊണ്ടു പോയ തടികളിൽ ചിലത് വനംവകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അടങ്ങുന്ന സംഘം തങ്ങളുടെ വീടിനും ഫർണിച്ചറുകളുടെ നിർമാണത്തിനുമായി ഉപയോഗിച്ചതായി തെളിവ് സഹിതം കണ്ടെത്തിയിരുന്നു. ഇതേപ്പറ്റി കോന്നി ഡി.എഫ്.ഒ മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടും ആ വഴിക്ക് അന്വേഷണമുണ്ടായില്ല.

വിവരം അന്വേഷണം സംഘാംഗങ്ങളിൽ നിന്ന് ചോർന്നു കിട്ടിയതോടെ തടി കടത്തിന് ഒത്താശ ചെയ്തിരുന്ന ഒരുവിഭാഗം ഉദ്യോഗസ്ഥരും തടി കടത്തുസംഘാംഗങ്ങളും അന്വേഷണസംഘത്തിന് എതിരെ തിരിഞ്ഞു. പൊലീസിനും ഉന്നത വനപാലകർക്കും വ്യാജ പരാതികൾ നൽകി അന്വേഷണം തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ഈ തടികൾ പിടിച്ചെടുത്താൽ പല നേതാക്കൾക്കും 'പണികിട്ടുമെന്ന് ' കണ്ട് കേസ് തുടക്കം മുതൽ തന്നെ അന്വേഷിച്ച് തെളിവുകൾ ശേഖരിച്ച നടുവത്തുമൂഴി റെയ്ഞ്ച് ഓഫീസറെയും സംഘത്തെയും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സസ്പെൻഡ് ചെയ്യുകയായിരുന്നു.

തടികടത്തി കൃത്യമായ വിവരങ്ങൾ അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്യിച്ചതിനൊപ്പം 'തടികടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു' എന്ന് പ്രചരണം നടത്തി സത്യസന്ധമായി കേസ് അന്വേഷിച്ച ജീവനക്കാരെ പൊതുസമൂഹത്തിൽ അപമാനിച്ചത് ചില വനംവകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്.

അന്വേഷണ സംഘത്തിന് തന്നെ ഈ ഗതി വന്നതോടെ പാടം, കരിപ്പാൻതോട് വനം സ്റ്റേഷൻ പരിധിയിൽ നിന്ന് മുറിച്ചു കടത്തിയ ഏതാനും തേക്കുമരങ്ങളിൽ മാത്രം അന്വേഷണം ഒതുങ്ങി. കൊല്ലം ചന്ദനത്തോപ്പ്, കേരളപുരം എന്നിവിടങ്ങളിൽ രേഖകളില്ലാതെ സൂക്ഷിച്ച ഏതാനും തേക്ക് തടികൾ പിടിച്ചെടുത്ത് ഇവയാണ് നഷ്ടപ്പെട്ട തടികളെന്നു വരുത്തിത്തീർത്തു. തടി കടത്തുവാൻ സഹായിച്ച ഫോറസ്റ്റ് ഹെഡ് ലോഡ് തൊഴിലാളികളിൽ ചിലരെ പ്രതികളാക്കി വേഗത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ചു.

പ്രതികൾ

തടി കടത്തുവാൻ ഉദ്യോഗസ്ഥരെ സഹായിച്ച കൊക്കാത്തോട് ഒരേക്കർ സ്വദേശികളായ ഷമീർ, അൻവർഷാ, ജ്യോതിഷ്, പാടം ഫോറസ്റ്റ് സ്റ്റേഷനിലെ താൽക്കാലിക ഫയർ വാച്ചറായിരുന്ന മധു, ഞണവാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിലെ താൽക്കാലിക വാച്ചറായിരുന്ന കല്ലേലി സ്വദേശി ഗീവർഗീസ്, കൊല്ലം - ചന്ദനത്തോപ്പിലെ ഷാ ഇൻഡസ്ട്രീസ് ഷാജഹാൻ എന്നിവരെ പ്രതികളാക്കിയാണ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ്സ് മജിസ്ട്രേറ്റ് കോടതി ഒന്നിലും രണ്ടിലുമായി അഞ്ച് കേസുകൾ ചാർജ് ചെയ്തിട്ടുള്ളത്. ഷമീർ, അൻവർഷാ, ജ്യോതിഷ് എന്നിവർ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് വക്കീലിനൊപ്പം പാടം വനം സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
തടികൾ മുറിച്ചു കടത്തിയ കാലയളവിൽ പകലും രാത്രിയിലും അച്ചൻകോവിൽ ആറ്റിൽ മീൻ പിടിക്കാനും മറ്റുമായി സ്ഫോടക വസ്തുക്കൾ വ്യാപകമായി പൊട്ടിച്ചിരുന്നുവെന്ന് തടികടത്ത് സംഘാംഗങ്ങൾ അന്വേഷണ ഉദ്യേഗസ്ഥരോട് സൂചിപ്പിച്ച കാര്യമാണ് ഇപ്പോൾ പുറത്തു വരുന്നത്. തടികടത്ത് കേസിൽ കുറ്റാരോപിതനായ ഒന്നാം പ്രതി ഷമീർ സ്ഫോടക വസ്തുക്കൾ വനത്തിൽ ഉപയോഗിച്ചതിന്റെ പേരിൽ വനം വകുപ്പ് എടുത്ത ഒരു കേസിൽ വിചാരണ നേരിടുന്നയാളാണ്. ധാരാളം ജലാറ്റിൻ സ്റ്റിക്കുകൾ തടികടത്ത് നടക്കുന്ന കാലയളവിൽ ഇയാളുടെ കൈവശം ഉണ്ടായിരുന്നതായാണ് വനപാലകർക്കും പൊലീസിനും ലഭിച്ച വിവരം.

ആസൂത്രിതം

ആസൂത്രിതമായി നടത്തിയ തടികടത്തിന്റെ ബുദ്ധികേന്ദ്രവും അതിന്റെ ഗുണഭോക്താക്കളും ആരൊക്കെ ആയിരുന്നുവെന്നോ കടത്തിയ കോടിക്കണക്കിന് രൂപയുടെ തടി എവിടെയാണെന്നോ തടിക കടത്തിക്കിട്ടിയ പണമത്രയും എങ്ങനെ, ആര്, എന്തിന് ചെലവാക്കിയെന്നോ ഉള്ള കൃത്യമായ വിവരം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർക്കു പോലും ഇല്ല.
തടികടത്തിലൂടെ ലഭിച്ച പണം എവിടെയാണ് എത്തിപ്പെട്ടത് എന്ന ചോദ്യത്തിനു മുൻപിലും അന്വേഷണ ഉദ്യോഗസ്ഥർ കൈമലർത്തുന്നു. ഈ സാഹചര്യത്തിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെടുത്ത സംഭവത്തിന് പല മാനങ്ങളുണ്ട്. വനംവകുപ്പിന്റെ സഹകരണത്തോടെ പൊലീസ് സത്യസന്ധമായി കേസ് അന്വേഷിച്ചാൽ തടികട‌ത്തിലും ജലാറ്റിൻ സ്റ്റിക്കിനും പിന്നിൽ ആരൊക്കയെന്ന് പുറത്തു കൊണ്ടുവരാം.