അടൂർ : കെ.എസ്.ആർ.ടി.സി യുടെ തലതിരിഞ്ഞ സർവീസുകൾ സ്വയം രക്ഷയ്ക്കല്ല, പകരം സ്വയം കുഴികൾ തോണ്ടുകയെന്ന വിചിത്രം ആരറിയുന്നു. ഇത് ആരെ നന്നാക്കാൻ എന്ന ചോദ്യത്തിന് മുന്നിലും ആരും മിണ്ടുന്നില്ല. ഫലത്തിൽ ആസൂത്രിമല്ലാത്ത സർവീസ് നടത്തിപ്പ് ആരെ സഹായിക്കാൻ എന്ന ചോദ്യത്തിന് പിന്നിൽ ഇന്നും സ്വകാര്യ ലോബികളുടെ കടന്നുകയറ്റമാണെന്നതാണ് ശരിയായ ഉത്തരം. കെ.എസ്.ആർ.ടി.സിക്ക് ലാഭകരമായ സർവീസുകൾ ഏറെയുണ്ടായിരുന്നു. അതെല്ലാം ഇന്ന് സ്വകാര്യ സർവീസുകളുടെ പിന്നാലെ ഓടി ലാഭകരമല്ലെന്ന ഓമനപ്പേരിൽ നിറുത്തി. അതിന് പിന്നിൽ സഹായിച്ച ചില ഉദ്യോഗസ്ഥരുടെ കള്ളകളികളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അന്നത്തെ വകുപ്പ് മന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഈ ഉദ്യോഗസ്ഥരും അവരെ സഹായിക്കുന്ന ഡിപ്പോ അധികാരികളും തമ്മിൽ നടത്തിയ കള്ളകളികളാണ് കെ.എസ്.ആർ.ടി.സി യുടെ പല പ്രസ്റ്റീജ് സർവീസുകളും ഇല്ലാതാക്കിയതും അതിന് മുന്നിൽ സ്വകാര്യ ബസുകൾ പാഞ്ഞതും. ദാരിദ്രത്തിന്റെ നടുവിൽ നിൽക്കുമ്പോഴും പ്രസ്ഥാനത്തെ രക്ഷിക്കുകയെന്ന ആസൂത്രണമില്ലായ്മയാണ് പല സർവീസുകളുടേയും ദുരന്തത്തിലേക്ക് സ്വയം കുളം തോണ്ടുന്നത്.

കുതന്ത്രങ്ങളേറെ

അഞ്ച് വർഷത്തിലേറെയായി നടത്തുന്ന സർവീസാണ് അടൂർ - പെരിക്കൊല്ലൂർ. ഏറ്റവും നല്ല വരുമാനം ലഭിച്ചുവന്ന സർവീസിനെ സ്വകാര്യ ലോബിയെ സഹായിക്കാനായി അടൂർ - സുൽത്താൻ ബത്തേരിയാക്കി കുറച്ചു.സുൽത്താൻ ബത്തേരിയിൽ നിന്നും കേവലം 35 കിലോമീറ്രർ അകലത്തിലുള്ള ഒരു സകാര്യ സർവീസിനെ സഹായിക്കാൻ വേണ്ടിമാത്രമായിരുന്നു ഈ കുതന്ത്രം. .

സർവീസുകളിലെ മാറ്റം

വൈകിട്ട് 7.50 ന് അടൂർ ഡിപ്പോയിൽ നിന്നും പുറപ്പെട്ടിരുന്ന ലാഭകരമായ സർവീസ് 8.15ആക്കി മാറ്റി. ഇതിനൊപ്പം 730.ന് കൊട്ടാരക്കരയിൽ നിന്നും പുറപ്പെടുന്ന സുൽത്താൻ ബേത്തേരി സർവീസ്, 7.45ന് അടൂരിലെത്തും. 7.45 ന് പുനലൂർ ബത്തേരി സർവീസും കടന്നുപോകും. ഒപ്പം രാത്രി 8ന് കൊട്ടരക്കരയിൽനിന്നും കോഴിക്കേട്ടുള്ള സർവീസും കടന്നുപോകും. ഇതിനി‌ടയിൽ വേണം അടൂരിൽ നിന്നുള്ള സുൽത്താൻ ബത്തേരി തളർന്ന് തകർച്ചയുടെ പടവുകൾ താണ്ടി വീണ്ടും ലക്ഷ്യമില്ലതെ ഉരുളാൻ.