റാന്നി: മുക്കട-അത്തിക്കയം എം.എൽ.എ റോഡിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു. വാഹന യാത്ര ദുഷ്‌ക്കരമായതോടെ നാട്ടുകാർ പ്രതിഷേധത്തിലേക്ക്. പൊന്നമ്പാറ മുതൽ കണ്ണമ്പള്ളി ജംഗ്ഷൻ വരെയാണ് രണ്ടാംഘട്ട നിർമ്മാണം. ഈ നിർമ്മാണം കൂടി പൂർത്തിയാവുന്നതോടെ 10 കിലോമീറ്റർ ദൈർഘ്യമുള്ള മുക്കട-അത്തിക്കയം റോഡ് പൂർണമായും ഉന്നത നിലവാരത്തിലാകൂ. എന്നാൽ പൊന്നംപാറ മുതൽ പഞ്ചാരമുക്ക് വരെയുള്ള ഭാഗം പാറമക്കിട്ട് നിരത്തുന്ന ജോലികൾ പൂർത്തിയായെങ്കിലും ബാക്കി പണികൾ നീണ്ടു പോകുകയാണ്. പാറമക്കിട്ട് ഉയർത്തിയതുമൂലം വാഴക്കാലാമുക്കിനെ വളവിൽ റോഡിന്റെ വീതി നഷ്ടപ്പെടുകയും വലിയ കട്ടിംഗ് രൂപപ്പെടുകയും ചെയ്തു. ഇതുമൂലം അപകടങ്ങൾ ഉണ്ടായേക്കാം. റോഡിലെ പഴയ ടാറിംഗ് ഇളക്കി നീക്കിയിട്ടാണ് ഉന്നത നിലവാരത്തിൽ പുതിയ ടാറിംഗ് ജോലികൾ ചെയ്യുന്നത്. ശബരിമല തീർത്ഥാടകർക്ക് റാന്നി വഴി ചുറ്റാതെ എളുപ്പത്തിൽ പെരുനാട്ടിൽ എത്തിച്ചേരാനുള്ള മാർഗം കൂടിയാണ് ഈ റോഡ്. ശബരിമല പാതയായി ഹൈക്കോടതി അംഗീകരിച്ച 17റോഡുകളിലൊന്നാണിത്.1.5കിലോമീറ്റർ ദൂരമാണ് പുനരുദ്ധരിക്കാനുള്ളത്.
-പുനരുദ്ധരണം 1.5 കീലോമീറ്റർ