
കോഴഞ്ചേരി : രണ്ടാം ലോക്ക് ഡൗണിൽ നാടെങ്ങും വ്യാജമദ്യം നുരഞ്ഞതായി എക്സൈസിന്റെ റിപ്പോർട്ട്. സംസ്ഥാനത്ത് 3746 ലിറ്റർ വാറ്റു ചാരായം പിടികൂടി. ചാരായം നിർമ്മിക്കാൻ സൂക്ഷിച്ച 2.8 ലക്ഷം ലിറ്റർ കോടയും പിടിച്ചെടുത്ത് നശിപ്പിച്ചു.
32.78 ലിറ്റർ സ്പിരിറ്റും കണ്ടെത്താനായി. ബാറുകളും ബെവ് കോ ഔട്ട് ലെറ്റുകളും അടഞ്ഞുകിടന്ന കഴിഞ്ഞ 38 ദിവസത്തിനിടെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് പിടിച്ചെടുത്തതിന്റെ നൂറിരട്ടിയിലധികം വിൽപ്പന നടന്നിട്ടുണ്ടാവുമെന്നാണ് എക്സൈസിന്റെ നിഗമനം.
മദ്യശാലകളിൽ ആദ്യ ലോക്ക് ഡൗണിന് ശേഷം ഉണ്ടായ തിരക്ക് ഇത്തവണ ഇല്ലാതിരുന്നത് അനധികൃത മദ്യം നാട്ടിലെമ്പാടും സുലഭമായതുകൊണ്ടാണെന്ന് സൂചനകളുണ്ട്. മദ്യം കിട്ടാത്തതു കാരണം ആരോഗ്യ പ്രശ്നമുണ്ടായവർക്ക് ഡോക്ടറുടെ നിർദ്ദേശപ്രകാരം മദ്യം നൽകാൻ കഴിഞ്ഞ ലോക്ക് ഡൗണിൽ സർക്കാർ ശ്രമിച്ചെങ്കിൽ ഇത്തവണ അത്തരം പരാതികൾ ഉയർന്നുവരാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.
വ്യാജനെങ്കിലും അമിതവില
ലോക്ക് ഡൗൺ കാലയളവിൽ വാറ്റുചാരായത്തിന്റെ വിലയാകട്ടെ സ്കോച്ച് വിസ്കിയേയും കടത്തിവെട്ടി. ലിറ്ററിന് 2000 മുതൽ 3000 വരെയായിരുന്നു വില. കഴിഞ്ഞ മേയ് 8 മുതൽ ലോക്ക് ഡൗൺ പിൻവലിച്ച ഇക്കഴിഞ്ഞ 16 വരെ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 2462 അബ്കാരി കേസുകളാണ്. 438 പേരെ അറസ്റ്റു ചെയ്തു. അബ്കാരി കേസിൽ 282 പേർ അറസ്റ്റിലായി. പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നാണ് ഏറ്റവുമധികം വാറ്റുചാരായം പിടികൂടിയത്. കൂടുതൽ കോട കോഴിക്കോട് നിന്നും. 43587 ലിറ്റർ കോടയാണ് അധികൃതർ പിടിച്ചെടുത്തു നശിപ്പിച്ചത്.
കൊവിഡ് കാലത്തെ വ്യാജ ലഹരി
(ജില്ലയിലെ കണക്കുകൾ)
പിടികൂടിയത്
വാറ്റുചാരായം - 92.03 ലിറ്റർ
കോട - 8305 ലിറ്റർ
കഞ്ചാവ് - 200 ഗ്രാം
വ്യാജ അരിഷ്ടം - 54 ലിറ്റർ
വിദേശമദ്യം - 15.65 ലിറ്റർ
നിരോധിത പുകയില ഉൽപ്പന്നം - 309 എണ്ണം
വ്യാജക്കള്ള് - 25 ലിറ്റർ
അബ്കാരി കേസ് - 111, അറസ്റ്റ് - 70
കഞ്ചാവ് കേസ് - 12, അറസ്റ്റ് - 11
പിഴ ഈടാക്കിയത് - 61,800 രൂപ
" എക്സൈസിന്റെ ശക്തമായ ഇടപെടലിലൂടെ ലോക്ക് ഡൗൺ കാലത്തെ ലഹരി വ്യാപനത്തിന് ഒരു പരിധി വരെ തടയിടാൻ കഴിഞ്ഞു. ലഹരിക്കെതിരെയുള്ള നിരീക്ഷണവും പരിശോധനയും ഒപ്പം ബോധവൽക്കരണവും തുടരും.
ബി.വേണുഗോപാലക്കുറുപ്പ് ,
എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ, പത്തനംതിട്ട