തെള്ളിയൂർ : കൊവിഡ് കാലത്തും അങ്കണവാടി കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുത്ത് ശ്രദ്ധേയമായിരിക്കുകയാണ് എഴുമറ്റൂർ പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ 53-ാം അങ്കണവാടി. ഇരുപതോളം കുഞ്ഞുങ്ങളാണ് ഇവിടെ പഠിക്കുന്നത്. ദിവസവും പത്തുമണിക്ക് സൂം മീറ്റിംഗ് വഴി ക്ലാസ് ആരംഭിക്കും. അങ്കണവാടിയുടെ എല്ലാ പ്രവർത്തനങ്ങളും ഓൺലൈൻ വഴി നടത്തുന്നുണ്ട് . ഇപ്പോൾ പ്രവർത്തിക്കുന്നത് സി.എം.എസ്.എൽ.പി സ്കൂളിൽ വാടകയ്ക്കാണ്. അങ്കണവാടിക്ക് വസ്തു കണ്ടെത്തുകയും പുതിയ കെട്ടിടത്തിന്റെ പണി നടക്കുകയുമാണിപ്പോൾ. ഓൺലൈനായി നടത്തുന്ന ക്ലാസിൽ വാരാന്ത്യങ്ങളിൽ കുട്ടികളുടെ മാതാപിതാക്കൾ വാർഡുമെമ്പർ എന്നിവർ ചേർന്ന് അവലോകനം നടത്തുന്നുണ്ട്. വാർഡ്മെമ്പർ ശ്രീജ ടി.നായർ, കോയിപ്രം ഐ.സി.ഡി.എസ്.സി.ഡി.പി.ഒ ഡോക്ടർ ആൻ ഡാർലി വർഗീസ്, സൂപ്പർവൈസർ കെ.കെ ഉഷാ, അങ്കണവാടി ടീച്ചറായ കെ.പി മായ, ഹെൽപ്പറായ രമണി എന്നിവരാണ് നേതൃത്വം നൽകുന്നത്.