nair

മെഴുവേലി: കഴിഞ്ഞ ദിവസം നിര്യാതനായ കവി എസ്.രമേശൻ നായർ മെഴുവേലിക്ക് അഭിമാനം നൽകുന്ന ഒാർമയാണ്. 2013 മാർച്ച് പത്തിനാണ് രമേശൻ നായർക്ക് മൂലൂർ അവാർഡ് സമർപ്പിച്ചത്. നാടിന്റെ വളർച്ചയ്ക്കും പുരോഗതിയ്ക്കും നെടുംതൂണായിരുന്ന സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കരുടെ നൂറ്റിനാല്പത്തിനാലാം ജന്മദിനത്തിൽ നൽകിയ ഇരുപത്തയേഴാമത് അവാർഡായിരുന്നു അത്. ഇരുപത്തിയയ്യായിരം രൂപയും പ്രശസ്തി പത്രവും നൽകി രമേശൻ നായരെ ആദരിച്ചു. മൂലൂർ സ്മാരക സമിതിയാണ് അവാർഡ് ദാതാക്കൾ.

ഗുരുവിന്റെ ശിഷ്യനും കവിയുമായ മൂലൂരിന്റെ 'കേരളവർമ്മസൗധത്തിൽ' എത്താൻ കഴിഞ്ഞത് തന്റെ മഹാഭാഗ്യമായി എസ്. രമേശൻ നായർ അനുസ്മരിച്ചിരുന്നു. ഭാര്യ രമ ടീച്ചറും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്നു. മെഴുവേലി ആനന്ദഭൂതേശ്വരം ക്ഷേത്രത്തിൽ ഇരുവരും ദർശനം നടത്തി. ശാന്തവും സൗമ്യവുമായ പെരുമാറ്റത്തിലൂടെ നിമിഷങ്ങൾ കൊണ്ട് അവർ തനിക്ക് സുപരിചിതരെപ്പോലെയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന മെഴുവേലി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സി.വി ഓമനക്കുഞ്ഞമ്മ പറഞ്ഞു. പിന്നീട് കണ്ടത് വിമാനത്താവള വിരുദ്ധ സമരത്തിന് ആറന്മുളയിൽ വച്ചായിരുന്നു. വീണ്ടും തപസ്യ കലാസാഹിത്യവേദിയുടെ പരിപാടിയ്ക്ക് തിരുവല്ലയിലും. ആകെ നേരിൽ കണ്ടത് മൂന്ന് തവണയാണെങ്കിലും ഓർത്തുവയ്ക്കാൻ നിഷ്‌കളങ്കമായ ഓർമ്മകൾ സമ്മാനിച്ച വ്യക്തിത്വമായിരുന്നു രമേശൻ നായരെന്ന് ഒാമനക്കുഞ്ഞമ്മ പറഞ്ഞു.