21-kokkathode-charayam
കൊക്കാത്തോട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തചാരായും കോടയും വാറ്റുപകരണങ്ങളും

അരുവാപ്പുലം : കൊക്കാത്തോട്ടിൽ എക്‌സൈസ് നടത്തിയ പരിശോധനയിൽ ചാരായും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.കൊക്കാത്തോട് കൊച്ചപ്പൂപ്പൻതോട് അനീഷ് ഭവനത്തിൽ രോഹിണി രാജൻ എന്ന് അറിയപ്പെടുന്ന ശ്രീകുമാരൻ നായർ( 65) ടെ വീട്ടിൽ നിന്നുമാണ് കോന്നി എക്‌സൈസ് റേഞ്ച് അധികൃതർ നടത്തിയ പരിശോധനയിൽ കോടയും ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്. 20 ലിറ്റർ ചാരായവും 250 ലിറ്റർ കോടയും എക്‌സൈസ് പിടികൂടി. വീട്ടിലെ കോഴിക്കൂടിനുള്ളിൽ കന്നാസിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് ചാരായം കണ്ടെത്തിയത്. പുകപുരയുടെ പിൻഭാഗത്ത് നിന്നാണ് പതിനായിരങ്ങൾ വിലവരുന്ന ചാരായം ഉത്പാദിപ്പിക്കുന്നതിനുള്ള കോട കണ്ടെത്തിയത്. ലോക്‌ഡൗൺ കാലത്ത് നിരവധി തവണ ചാരായത്തിന്റെ മൊത്ത കച്ചവടം നടത്തി വന്നിരുന്ന ഇയാൾ എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു.എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ കെ.ആർ സജികുമാർ,സിവിൽ എക്‌സൈസ് ഓഫീസർ ആസിഫ് സലീം,എ ഷെഹിൻ എന്നിവർ പങ്കെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പ്രതിയെ പിടികൂടാനായില്ലെന്ന് എക്‌സൈസ് അറിയിച്ചു.