പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്തിലെ മേലൂട് ഭാഗത്ത് അഞ്ജാത വാഹനമിടിച്ച് മയിൽ ചത്തു. ആലുംമൂട് - മലമേക്കര റോഡിൽ വള്ളിവിള ഭാഗത്ത് ഗുരുമന്ദിരത്തിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. കുറച്ചു നാളുകളായി മേലൂടും സമീപ പ്രദേശങ്ങളിലുമായി കൂട്ടത്തോടെ നടന്നിരുന്ന മയിലുകളിൽ ഒന്നാണ് ചത്തത്. വനം വകുപ്പിന്റെ കോന്നി സൗത്ത് കുമരംപേരൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എസ്.സനോജ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ രാജേഷ് പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് എത്തി മഹസർ തയാറാക്കി പോസ്റ്റ്മോർട്ടം നടത്തി തുടർനടപടി സ്വീകരിച്ചു.