പത്തനംതിട്ട : നഗരസഭയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ക്രമീകരണം ഏർപ്പെടുത്താൻ നഗരസഭാ ചെയർമാൻ അഡ്വ.ടി സക്കീർ ഹുസൈന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനമായി. കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലും ചുട്ടിപ്പാറ നഴ്‌സിംഗ് കോളേജിലും രണ്ട് വാക്‌സിനേഷൻ സെന്റർ പുതുതായി ആരംഭിക്കും. നിലവിൽ അഴൂർ എസ്.ഡി.എ സ്‌കൂളിൽ പ്രവർത്തിക്കുന്ന വാക്‌സിൻ കേന്ദ്രം കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിലേക്ക് മാറ്റും. മൗണ്ട് ബഥനിയിൽ ഓൺലൈൻ രജിസ്‌ട്രേഷൻ കൂടാതെ സ്‌പോട്ട് രജിസ്‌ട്രേഷനുവേണ്ടിയുള്ള കേന്ദ്രമാണ് പുതുതായി ആരംഭിക്കുന്നത്. ഇന്നു മുതൽ എസ്.ഡി.എ സ്‌കൂളിലെ വാക്‌സിൻ കേന്ദ്രം ഉണ്ടായിരിക്കുന്നതല്ല. എസ്.ഡി.എ സ്‌കൂൾ വാക്‌സിനേഷൻ കേന്ദ്രമായി ലഭിച്ചവർ കുമ്പഴ മൗണ്ട് ബഥനി സ്‌കൂളിൽ ഹാജരാകണം. വെട്ടിപ്പുറം ഗവ.എൽ.പി.എസ് സ്‌കൂളിലെ വാക്‌സിനേഷൻ കേന്ദ്രം തുടർന്നും പ്രവർത്തിക്കും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതൽ വാക്‌സിൻ കേന്ദ്രങ്ങൾ ആരംഭിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് ഉറപ്പു വരുത്തണം
നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതുസ്വകാര്യ സ്ഥാപനങ്ങളിലും ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള ചുമതല സ്വകാര്യ സ്ഥാപന ഉടമസ്ഥർക്കും സ്ഥാപന മേലധികാരികൾക്കും ആയിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നെന്ന് പൊലീസും സെക്ടറൽ മജിസ്‌ട്രേറ്റുമാരും ഉറപ്പുവരുത്തണം. പൊതു ഇടങ്ങളിൽ ജനങ്ങൾ സാമുഹ്യ അകലം പാലിക്കാൻ ശ്രദ്ധിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു. പ്രോട്ടോക്കോൾ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ കോർകമ്മിറ്റി പൊലീസിന് നിർദ്ദേശം നൽകി. യോഗത്തിൽ കോർ കമ്മിറ്റി അംഗങ്ങളായ പ്രതിപക്ഷ നേതാവ് കെ.ജാസിംകുട്ടി, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്. ഡി.വൈ.എസ്.പി പ്രദീപ് കുമാർ, മുനിസിപ്പൽ സെക്രട്ടറി ഷെർളാ ബീഗം, സെക്ടറൽ മജിസ്‌ട്രേറ്റ് സുരേഷ് നാരായണൻ, ലേബർ ഓഫീസർ സുരേഷ്, നോഡൽ ഓഫീസർ വി.സുനിത എന്നിവർ പങ്കെടുത്തു.