റാന്നി : കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ച സംഭവത്തിൽ അറസ്റ്റുചെയ്യപ്പെട്ട റാന്നി പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വിനോദ് പി.മധുവിനെ സസ്പെൻഡ് ചെയ്തു. ചെട്ടിമുക്കിന് സമീപം വെള്ളിയാഴ്ചയുണ്ടായ അപകടത്തിൽ അങ്ങാടി മാവേലിസ്റ്റോറിലെ ജീവനക്കാരി ചാലാപ്പള്ളി പുലിയുറുമ്പിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ മിനികുമാരിയാണ് മരിച്ചത്. അപകടത്തിനിടയാക്കിയ കാർ ഒാടിച്ചത് വിനോദാണെന്ന് കണ്ടെത്തിയിരുന്നു. അങ്ങാടി എസ്.ബി.ഐയിലെ ജീവനക്കാരി ലീന ഓടിച്ച സ്കൂട്ടറിന്റെ പുറകിലിരുന്നു യാത്ര ചെയ്യുകയായിരുന്നു മിനികുമാരി . ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തല.യ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. അപകടത്തിന് ശേഷം കാർ നിറുത്താതെ പോയി. പൊലീസ് നടത്തിയ തെരച്ചിലിൽ കാർ വിനോദിന്റേതാണെന്ന് കണ്ടെത്തിയിരുന്നു. ശനിയാഴ്ച രാവിലെ വിനോദ് അപകട വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. മനപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.