പന്തളം: കേന്ദ്രഫണ്ട് ഉപയോഗിച്ച് പന്തളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികൾ നടപ്പാക്കുന്ന പ്രവർത്തനങ്ങളാണ് പന്തളം നഗരസഭ നടത്തുന്നതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനട പത്രസമ്മേളനത്തിൻപറഞ്ഞു.
വീട്, കുടിവെള്ളം, സഞ്ചാരയോഗ്യമായ റോഡ്, തെരുവുവിളക്ക് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നടപ്പാക്കും. പട്ടികജാതി കോളനികളിൽ വികസനമെത്തിക്കും. എല്ലാ മേഖലയിലുമുള്ള വികസനമാണ് ലക്ഷ്യം. അതിനാവശ്യമായ പദ്ധതികൾ തയ്യാറാക്കി കേന്ദ്രത്തിന് സമർപ്പിച്ച് നടപ്പാക്കും.
ശബരിമലയുമായി ബന്ധപ്പെടുത്തിയും വലിയ വികസനമുണ്ടാകും. മുട്ടാർ നീർച്ചാൽ നവീകരിക്കും. ടൂറിസം മേഖലയിലും വൻ വികസന സാദ്ധ്യതയാണ് പന്തളത്തിനുള്ളത്. ആയിരക്കണക്കിന് തീർത്ഥാടകരെത്തുന്ന പന്തളത്ത് കുടുംബാരോഗ്യ കേന്ദ്രം തീർത്തും അപര്യാപ്തമാണ്. താലൂക്ക് ആശുപത്രിയാണ് ഇവിടെ വേണ്ടത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോൾ പന്തളം ടൗൺഷിപ്പ് പ്രഖ്യാപിച്ചിരുന്നു. അതു പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങുകയായിരുന്നു. തുടർന്നുവന്ന സർക്കാരും നടപടികളെടുത്തില്ല. പന്തളം ബൈപ്പാസ് എന്ന പേരിൽ ഇപ്പോൾ നടപ്പാക്കാനുദ്ദേശിക്കുന്ന റോഡ് പന്തളത്തെ ഗതാഗതക്കുരുക്ക് കൂടാനേ ഉപകരിക്കൂ. എംസി റോഡിന് സമാന്തരമായി കുരമ്പാലയിൽ നിന്ന് പൂഴിക്കാട് വലക്കാട് വഴി മാന്തുകയിലെത്തുന്ന ബൈപ്പാസാണ് വേണ്ടത്. പ്രതിപക്ഷം അനാവശ്യ സമരം തുടങ്ങിയതാണ് നഗരസഭയിൽ ഉണ്ടായ പ്രതിസന്ധികൾക്കു കാരണം.
ആർക്കുംഅംഗീകരിക്കാൻ കഴിയാത്ത പ്രവർത്തനമാണ് സി.പി.എം നഗരസഭയിൽ നടത്തുന്നത്. ഇതിന് യു.ഡി.എഫിനെയും കൂട്ടുപിടിക്കുന്നു. ബി.ജെ.പി ഭരിക്കുന്നതുകൊണ്ടു മാത്രമാണ് സി.പി.എം എതിർക്കുന്നത്. ഇത് അവസാനിപ്പിക്കണമെന്ന് അശോകൻ കുളനട ആവശ്യപ്പെട്ടു. ബി.ജെ.പിപന്തളം നഗരസഭാ കമ്മറ്റി പ്രസിഡന്റ് ടി. രൂപേഷും പങ്കെടുത്തു.