തിരുവല്ല: പൊടിയാടി - തിരുവല്ല റോഡ് നിർമ്മാണത്തെ തുടർന്ന് ഗതാഗതക്കുരുക്ക് രൂക്ഷമായി. കുരിശുകവല മുതൽ കാവുംഭാഗം വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് യാത്രക്കാരെ വലയ്ക്കുന്നത്. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും ആംബുലൻസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽ അകപ്പെട്ടു. കച്ചേരിപ്പടി, മാർക്കറ്റ് ജംഗ്‌ഷൻ എന്നിവിടങ്ങളിൽ റോഡിന് കുറുകെ കലുങ്കുകൾ പണിയുന്നതും റോഡിന്റെ ഇരുവശങ്ങളിലും ഓടകൾ നിർമ്മിക്കുന്നതുമാണ് യാത്രാ തടസമുണ്ടാക്കുന്നത്. പലയിടത്തും നീളത്തിൽ വലിയ കുഴികൾ എടുത്തിട്ടിരിക്കുകയാണ്. ഇതുകാരണം വാഹനങ്ങൾക്ക് കടന്നുപോകാൻ അൽപ്പം സ്ഥലം മാത്രമേയുള്ളൂ.

കാത്തുകിടന്ന് വാഹനങ്ങൾ

ഒരുവശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ ഇരുവശങ്ങളിലേക്കും പോകുന്ന വാഹനങ്ങൾ ഏറെനേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. വലിയ വാഹനങ്ങൾ വഴി തിരിച്ചു വിടാത്തതാണ് പ്രധാനമായും ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമായത്. ഇതുകാരണം ഇരുവശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾ നിർമ്മാണം നടക്കുന്ന കലുങ്കിന്റെ ഒരുവശത്തുകൂടി പോകാൻ കാത്തുകിടക്കേണ്ട സ്ഥിതിയാണ്. തിരക്ക് വർദ്ധിച്ചപ്പോൾ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്കിന് ശമനമായില്ല.

വലിയ വാഹനങ്ങൾ തിരിച്ചുവിടണം


ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ നൽകിയതോടെ പലയിടത്തേക്കും പോകാനായി നിരത്തുകളിൽ വാഹനങ്ങളുടെ വലിയ തിരക്കായിരുന്നു. ഇന്നലെ പകൽ നേരങ്ങളിൽ കുരിശുകവല വരെയും മറുവശത്ത് കാവുംഭാഗം വരെയും വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. കാവുംഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ഡിവൈ.എസ്.പി ഓഫീസിന് മുന്നിലെ റോഡിലൂടെ തിരിച്ചുവിട്ടെങ്കിലും തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ടു. വാഹനങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ നിർമ്മാണങ്ങൾ തീരുംവരെ മറ്റു വഴികളിലൂടെ യാത്രക്കാരെ തിരിച്ചുവിട്ടില്ലെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി തുടരാനാണ് സാദ്ധ്യത.

-വാഹനങ്ങൾ കാത്തുകിടക്കേണ്ട സ്ഥിതി

-ആംബുലൻസ് ഉൾപ്പെടെ ഗതാഗതക്കുരുക്കിൽപ്പെട്ടു

-ഒരു വശത്ത്കൂടി വാഹനങ്ങൾ കടത്തി വിട്ടു

വാഹനക്കുരുക്കിന് പ്രധാന കാരണം

കലുങ്ക് പണിയും ഓട നിർമ്മാണവും