അടൂർ : ഗ്രേഡ് എസ്. ഐ മദ്യലഹരിയിൽ അപകടകരമാംവിധം കാർ ഒാടിക്കുകയും മതിലിൽ ഇടിച്ചുനിറുത്തി കടന്നുകളയുകയും ചെയ്ത സംഭവം അധികൃതർ ഒതുക്കിത്തീർത്തതായി പരാതി. സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന് മുന്നിലെത്തിയ വിഷയം ജില്ലാ സ്പെഷ്യൽബ്രാഞ്ച് ഒതുക്കിയത് വിവാദമായി. സംഭവത്തിൽ പൊലീസിലെ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. ഡ്യൂട്ടി സമയത്താണ് ഗ്രേഡ് എസ്. ഐ അപകടം സൃഷ്ടിച്ചത്. കാർ മതിലിൽ ഇടിക്കുന്നത് കണ്ട് ഒാടിക്കൂടിയ നാട്ടുകാർ സ്ഥലത്തുനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 14നാണ് സംഭവം. സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ഗ്രേഡ് എസ്. ഐയെ രക്ഷിക്കാൻ നടത്തിയ നീക്കമാണ് വിവാദമായത് .