മല്ലപ്പള്ളി: കൊവിഡ് കാലത്ത് നിറുത്തിവച്ചിരുന്ന കെ.എസ്.ആർ.ടി.സി. ബസ് സർവീസുകൾ പുനരാരംഭിച്ചെങ്കിലും ജനങ്ങൾക്ക് പ്രയോജനം ചെയ്യുന്നില്ലെന്ന് ആക്ഷേപം. ആകെയുള്ള സർവീസുകളിൽ പകുതിമാത്രമാണ് നിരത്തിലിറക്കിയിട്ടുള്ളത്. ഇവയിൽ സർവീസ് ആരംഭിക്കുന്ന ബസുകൾ നാലുമണിക്കൂർ ഓടിയശേഷം തിരിച്ച് ഡിപ്പോയിൽ എത്തിക്കണം. പിന്നീട് 4 മണിക്കൂർ വിശ്രമിച്ചശേഷം അടുത്ത 4 മണിക്കൂർ ഓടി ട്രിപ്പ് അവസാനിപ്പിക്കണമെന്ന കെ.എസ്.ആർ.ടി.സി.യുടെ പുതിയ നിർദ്ദേശമാണ് യാത്രക്കാർക്കും ജീവനക്കാർക്കും ദുരിതമാകുന്നത്. ഉദാഹരണത്തിന് രാവിലെ 6ന് സർവീസ് ആരംഭിക്കുന്ന ബസ് 10ന് ഡിപ്പോയിൽ തിരിച്ചെത്തും. പിന്നീട് ഉച്ചയ്ക്ക് 2ന് ആരംഭിക്കുന്ന സർവീസ് വൈകുന്നേരം 6ന് പൂർത്തിയാകും. ഇതുമൂലം തിരക്കുള്ള സമയത്ത് ബസ് കിട്ടാതെ യാത്രക്കാർ വലയുകയാണ്. 10 മുതൽ 2 വരെ ബസ് ഓടാതിരിക്കുന്നതിനാൽ ജനം പെരുവഴിയിൽ കാത്തിരിപ്പാണ്. കൂടാതെ ജീവനക്കാർക്ക് സിംഗിൾ ഡ്യൂട്ടിയായ 8 മണിക്കൂർ മാത്രം അനുവദിക്കുകയും ഫലത്തിൽ 12 മണിക്കൂർ ജോലിയെടുക്കുകയും ചെയ്യേണ്ട സ്ഥിതിയുണ്ട്. സ്വകാര്യ ബസുകൾ നിരത്തിൽ ഇറങ്ങാതിരിക്കുന്നതിനാൽ ബസ് സ്റ്റോപ്പുകളിലും മറ്റും നല്ല തിരക്കുള്ള സമയത്താണ് കെ.എസ്.ആർ.ടിയുടെ പുതിയ പരിഷ്കാരം.