കോന്നി : ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കൊവിഡ് കെയർ സെന്ററുകൾ കുട്ടികളുടെ പഠനത്തെയും പ്രവേശനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി പരാതി. ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും പരിധിയിലുള്ള കൊവിഡ് രോഗികളെ പാർപ്പിക്കുന്ന സ്ഥലമായി കോന്നിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന സ്കൂൾ തിരഞ്ഞെടുത്തത് സംബന്ധിച്ച് നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. കൊവിഡ് രോഗികളെ പാർപ്പിക്കുന്ന സ്ഥലമായതിനാൽ പ്രധാന ഗേറ്റ് അടച്ച് കർശന നിയന്ത്രങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ പ്രവേശനം തേടിയെത്തുന്ന കുട്ടികളും രക്ഷിതാക്കളോടും പിന്നിലൂടെയുള്ള വഴി സ്കൂളിൽ എത്താനാണ് നിർദ്ദേശിക്കുന്നത്. വഴി നിശ്ചയമില്ലാത്തതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നും എത്തുന്നവർ വഴിയറിയാതെ മടങ്ങുകയാണ് പതിവ്. ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്ന രക്ഷിതാക്കൾ കുട്ടികളുമായി മറ്റ് സ്കൂളുകളിലേക്കും പോകുന്നുണ്ട്. ഇതിന് പുറമെ പ്ളസ്ടു പ്രാക്ടിക്കൽ പരീക്ഷയ്ക്ക് കുട്ടികളെ അയയ്ക്കുന്നതിലും രക്ഷിതാക്കൾ ആശങ്കയിലാണ്. പ്രധാന ഗേറ്റ് അടച്ചുപൂട്ടിയിടുന്നത് സ്കൂളിൽ എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കളും അദ്ധ്യാപകർക്കും ഒരേ പോലെ ദുരിതമാണ് സമ്മാനിക്കുന്നത്. കൊവിഡ് ബാധിതരെ പാർപ്പിച്ചിരിക്കുന്ന സ്കൂളിൽ കുട്ടികളെ അയയ്ക്കാൻ രക്ഷിതാക്കളും വിമുഖത കാട്ടിത്തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ഭാവിയും സുരക്ഷയും മുൻ നിറുത്തി ഡി.സി.സികൾ സ്കൂളിൽ നിന്നും മാറ്റണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഗവ.സ്കൂളിനെ തകർത്ത് സമീപത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളുകളെ സഹായിക്കാനാണ് മറ്റ് അനിയോജ്യ സ്ഥലങ്ങൾ ഉണ്ടായിട്ടും ഡി.സി.സികൾ ഇവിടെ തന്നെ പ്രവർത്തിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്.