kadapra

തിരുവല്ല : സംസ്ഥാനത്ത് ആദ്യമായി കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റ പ്ലസ് ജില്ലയിലെ തിരുവല്ല കടപ്ര പഞ്ചായത്തിൽ കണ്ടെത്തിയത് ജനങ്ങളെ ആശങ്കയിലാക്കി. പഞ്ചായത്തിലെ 14-ാം കടപ്ര വെസ്റ്റ് വാർഡിലെ നാലു വയസുള്ള കുട്ടിയിലാണ് ഡെൽറ്റ പ്ലസ് കണ്ടെത്തിയത്. ഓട്ടിസം ബാധിച്ച ഈ കുട്ടിയുടെ സ്രവപരിശോധന ഉൾപ്പെടെ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിലാണ്. മേയ് 24നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പത്ത് പേരുള്ള ഈ കുടുംബത്തിൽ കുട്ടിയുടെ പിതാവ് ഒഴികെയുള്ള എല്ലാവർക്കും കൊവിഡ് കണ്ടെത്തിയിരുന്നു. ഒരുമാസം പിന്നിടുന്നതോടെ ഈ കുടുംബത്തിലെ എല്ലാവരും ഇപ്പോൾ നെഗറ്റിവാണ്. കുട്ടിക്കും നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. നാൽപ്പതോളം കുടുംബങ്ങൾ തിങ്ങി പാർക്കുന്ന കോളനിയിലാണ് ഇവർ താമസിക്കുന്നത്. ഇവിടുത്തെ 80 ശതമാനം ആളുകൾക്കും ഇതുവരെ കൊവിഡ് ബാധിച്ചിട്ടുണ്ട്. ഈ വാർഡ് നിലവിൽ കണ്ടൈൻമെൻറ് സോണാണ്. പഞ്ചായത്തിലെ പത്താം വാർഡിലും രോഗവ്യാപനം കൂടുതലായി. ഒരുമാസം മുമ്പ് നടന്ന പരിശോധനാഫലം വച്ച് നടത്തിയ കണ്ടെത്തൽ അധികൃതർ പരസ്യമാക്കിയ രീതിയിലും ജനങ്ങൾ അമർഷം രേഖപ്പെടുത്തുന്നു.


പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി
കടപ്ര വെസ്റ്റ് വാർഡിൽ ആരോഗ്യവകുപ്പിന്റെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ഡെൽറ്റ പ്ലസ് സ്ഥിരീകരിച്ച കുട്ടി ഉൾപ്പെട്ട വാർഡ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്റർ ഏരിയയാണ്. ടി.പി.ആർ നിരക്ക് 18.42 ശതമാനം. രോഗവ്യാപനം കുറയാത്ത സാഹചര്യത്തിലും ടി.പി.ആർ കൂടുതലായി നിൽക്കുന്നതിനാലും നിയന്ത്രണം അത്യാവശ്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതുവരെ ഇവിടെ 87 പേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ഒരാൾ മരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇവിടെ 18 പേർക്കാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഈ പ്രദേശത്തെ പോസിറ്റീവ് രോഗികളെ പരുമലയിലെ ഡൊമിസിലറി കെയർ സെന്ററിലേക്ക് മാറ്റും. പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങളും നടത്തും.

ഇന്നലെ പ്രദേശത്തെ കൂടുതൽ പേരിൽ ആന്റിജൻ പരിശോധന നടത്തി. ലക്ഷണങ്ങൾ ഉള്ളവർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും നടത്തുന്നുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പ്രദേശത്ത് പരിശോധന വ്യാപകമാക്കും.

മിനി ജോസ്, വാർഡ് മെമ്പർ