തിരുവല്ല: വേങ്ങലിൽ കുരിശടിക്കും കാണിക്ക മണ്ഡപത്തിനും നേരേ ആക്രമണം. കുരിശടിയിൽ സ്ഥാപിച്ചിരുന്ന യേശുക്രിസ്തുവിന്റെ പ്രതിമ തകർത്തു. കാണിക്ക മണ്ഡപത്തിന്റെ ചില്ല് തകർത്ത് കാണിക്ക വഞ്ചി കുത്തിത്തുറക്കാനും ശ്രമം നടത്തി. വേങ്ങൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി കുരിശടിക്കും വേങ്ങൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കാണിക്ക മണ്ഡപത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെയോടെ സംഭവം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ തിരുവല്ല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. പ്രദേശത്തെ ചെല വീടുകൾക്ക് നേരെയും ആക്രമണമുണ്ടായിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന പ്രദേശവാസിയായ യുവാവിനെപ്പറ്റി ‌സൂചനകൾ ലഭിച്ചതായും സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എസ്.ഐ രതീഷ് കുമാർ പറഞ്ഞു. പ്രദേശത്ത് ലഹരി വസ്‌തുക്കളുടെ വിൽപ്പനയും ഉപയോഗവും വ്യാപകമാണെന്നും രാത്രിയായാൽ സംഘത്തിന്റെ പ്രവർത്തനം ശക്തമാണെന്നും നാട്ടുകാർ പറഞ്ഞു.