പത്തനംതിട്ട : അടൂർ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.അലാവുദ്ദീൻ എൻ.സി.പിയിൽ ചേർന്നു. പത്തനംതിട്ട ഡി.സി.സി മെമ്പറും,ഒ.ബി.സി കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ജില്ലാ ചെയർമാനുമായിരുന്നു. റാവുത്തർ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റാണ്. 30 കൊല്ലമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായിരുന്നു. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായതോടെ കോൺഗ്രസ് മൃദുല ഹിന്ദുത്വത്തിൽ നിന്ന് തീവ്ര ഹിന്ദുത്വത്തിലേക്ക് ചുവടു മാറ്റിയതായി അദ്ദേഹം പറഞ്ഞു. സംഘപരിവാർ ശക്തികളുടെ ഏജന്റായി കോൺഗ്രസ് പ്രസ്ഥാനം മാറി. കേരളത്തിലെ ഫാസിസ്റ്റ് വർഗീയ ചിന്താഗതിക്കെതിരെ പോരാടുവാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുവെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി മാത്യൂസ് ജോർജ്, ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് എം.മുഹമ്മദ് സാലി, കലാ സംസ്‌കൃതി സംസ്ഥാന ജനറൽ സെക്രട്ടറി അനശ്വര രാജൻ,സാബുഖാൻ എന്നിവർ പങ്കെടുത്തു.