പത്തനംതിട്ട : റാന്നി മണ്ഡലത്തിലെ മൂന്നു സർക്കാർ ആശുപത്രികൾക്ക് ഐസലേഷൻ വാർഡുകൾ നിർമ്മിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് പദ്ധതിയിൽ നിന്നും റാന്നി നിയോജക മണ്ഡലത്തിലെ മൂന്നു സർക്കാർ ആശുപത്രികൾക്ക് ഐസലേഷൻ വാർഡുകൾ നിർമ്മിക്കാൻ നടപടി ആയതായി പ്രമോദ് നാരായൺ എം.എൽ.എ പറഞ്ഞു.
റാന്നി നിയോജക മണ്ഡലത്തിലെ പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, വെച്ചൂച്ചിറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ, കാഞ്ഞീറ്റുകര പ്രൈമറി ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലാണ് ഐസലേഷൻ വാർഡുകളുടെ നിർമ്മാണം ആരംഭിക്കുക. റാന്നി താലൂക്ക് ആശുപത്രിയ്ക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് കിഫ്ബി വഴി 12 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും എം.എൽ.എ പറഞ്ഞു.