കോഴഞ്ചേരി : നിരാലംബർക്ക് കൈത്താങ്ങായി പ്രവർത്തിക്കുന്ന കോഴഞ്ചേരി തില്ലാങ്കരി വാട്‌സ് ആപ് കൂട്ടായ്മ രണ്ടാം വർഷത്തിലേക്ക്. കൊവിഡ് വ്യാപനത്തിന് മുമ്പായാണ് കൂട്ടായ്മ ആരംഭിച്ചത്. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കുമായി ആഴ്ചയിൽ ഒരു ദിവസം 450 ഇലപ്പൊതി ഭക്ഷണവും ഒരു കുപ്പി വെളളവും നൽകിയാണ് സാമൂഹ്യ പ്രവർത്തനത്തിന്റെ ആരംഭം. ഓണം, ഈസ്റ്റർ, ക്രിസ്മസ്, ബക്രീദ് തുടങ്ങിയ വിശേഷ ദിവസങ്ങളിൽ അതിന് അനുസരിച്ചുളള ഭക്ഷണമാണ് നൽകുന്നത്. ഇക്കഴിഞ്ഞ ലോക് ഡൗണിൽ ജില്ലാ ആശുപത്രി കൂടാതെ കോന്നി മെഡിക്കൽ കോളേജ്, തലച്ചിറ മേഴ്‌സി ഹോം എന്നിവിടങ്ങളിലും ഭക്ഷണം എത്തിച്ച കൂട്ടായ്മ കോഴഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നിയമപാലകർ, വഴിയോരത്ത് കഴിയുന്നവർ തുടങ്ങിയവർക്കും മുടങ്ങാതെ ഭക്ഷണം നൽകി. കോഴഞ്ചേരി സ്വദേശിയായ കാൻസർ രോഗിക്ക് ചികിത്സാ സഹായം ചെയ്ത് കൊണ്ടിരിക്കുന്ന കൂട്ടായ്മ പെരുമ്പാവൂർ സ്വദേശിയായ ഹൃദ്രോഗിക്ക് പേസ് മേക്കർ വാങ്ങി നൽകുകയും ചെയ്തു. ലോക് ഡൗൺ പിൻവലിച്ചിട്ടും ജില്ലാ ആശുപത്രിയിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭക്ഷണ വിതരണം തുടർന്നു വരികയാണ്. ലിബു മലയിൽ, സജി ഏബ്രഹാം, അമ്പോറ്റി കോഴഞ്ചേരി, നിബു ഫിലിപ്പ്, ആരോൺ, ശ്രീജിത് കീഴുകര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടക്കുന്നത്.