തുമ്പമൺ: എം.ജി.യു.പി സ്‌കൂളിൽ ഓൺലൈനിൽ നടന്ന വായനപക്ഷാചരണം വിദ്യാഭ്യാസ ഉപജില്ല ഓഫീസർ എ.ആർ.സുധർമ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിബിൻ മാത്യു അദ്ധ്യക്ഷത വഹിച്ചു. വയനാട് ദിവ്യരക്ഷകാശ്രമം സുപ്പീരിയർ ഫാ.സ്റ്റീഫൻ ഓണിശേരിൽ വായനദിന സന്ദേശം നൽകി. പ്രഥമാദ്ധ്യാപിക ബീന കെ.തോമസ്, ഷാനവാസ് പന്തളം, ജീന ജോയി എന്നിവർ പ്രസംഗിച്ചു. എൽമീന മരിയൻ തോമസ്, അന്ന ബിജു, ജോസ്‌ന മോൻസി, മാളവിക ജയസേനൻ, സാറ എൽസ മാത്യു, സെറാഫിൻ സാറ മാത്യു എന്നിവർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. നാടകാചാര്യൻ പ്രൊഫ.ജി.ശങ്കരപ്പിള്ള അനുസ്മരണം നാടക നടൻ തോമ്പിൽ രാജശേഖരൻ നടത്തി. ഫാ.സ്റ്റീഫൻ ഓണിശേരിൽ, ഡോ.പി.ജി. ജോർജ് എന്നിവർ സ്‌കൂളിന് പുസ്തകങ്ങൾ സംഭാവന ചെയ്തു. സ്‌കൂളിൽ പുസ്തക പ്രദർശനവും നടന്നു. വായനപക്ഷാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വാനിൽ പുസ്തകങ്ങൾ വീട്ടിലെത്തിക്കുന്ന 'സഞ്ചരിക്കുന്ന പുസ്തകശാല'യും ആരംഭിക്കുന്നതാണെന്ന് പ്രഥമാദ്ധ്യാപിക ബീന കെ.തോമസ് പറഞ്ഞു. കുട്ടികളുടെ വിവിധ പരിപാടികളും നടന്നു.