റാന്നി: നാറാണംമൂഴി പഞ്ചായത്തിലെ നാലാം വാർഡായ കടുമീൻചിറയിലെ തെക്കേതൊട്ടി മേഖലയിൽ പാചകവാതക സിലിണ്ടറിന്റെ ഗാർഹിക വിതരണത്തിൽ നിന്നും ഏജൻസി സ്ഥിരമായി വിട്ടുനിൽക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നാറാണംമൂഴി ലോക്കൽകമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.പഞ്ചായത്തിൽ ലോക്ക്ഡൗണിന് സമാനമായ സാഹചര്യം നിലനിൽക്കുന്നതിനാൽ ഗോഡൗണിലെത്തി സിലിണ്ടർ വാങ്ങുന്നതിന് പ്രദേശവാസികൾ ബുദ്ധിമുട്ടു നേരിടുന്നുണ്ട്. രണ്ടാഴ്ചയിലേറെയായി ഏജൻസിയുടെ വാഹനം ഈ മേഖലയിലെത്തിയിട്ട്. ഓഫീസിൽ ബന്ധപ്പെടുമ്പോൾ ഉടനെത്തുമെന്നും വാഹനം ഈ റൂട്ടിലാണുള്ളതെന്നുമുള്ള മറുപടിയാണ് കിട്ടുന്നത്. എന്നാൽ വാഹനത്തിലെ ജീവനക്കാരെ ബന്ധപ്പെടുമ്പോൾ ഫോൺ എടുക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു. എല്ലാ ശനിയാഴ്ചകളിലും എത്തികൊണ്ടിരുന്ന വാഹനം ഇപ്പോൾ വല്ലപ്പോഴുമാണ് എത്താറുള്ളത്. പാചകവാതക വിതരണത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം സമര പരിപാടികൾ ആരംഭിക്കുമെന്നും സി.പി.ഐ നാറാണംമൂഴി ലോക്കൽ കമ്മിറ്റി അറിയിച്ചു. എം.ജി സതീഷ് അദ്ധ്യക്ഷത വഹിച്ചു. എം.വി പ്രസന്നകുമാർ, വി.ടി വർഗീസ്, പി.സി ഏബ്രഹാം,പി.ടി ഉമ്മച്ചൻ എന്നിവർ പ്രസംഗിച്ചു.