അടൂർ: മണ്ണടി വേലുത്തമ്പിദളവാ സ്മാരകം അടിയന്തരമായി വൃത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്മാരകത്തെ അന്താരാഷ്ട്ര രീതിയിലുള്ള പഠന ഗവേഷണ കേന്ദ്രമായി മാറ്റുന്നതിന് ചിറ്റയം ഗോപകുമാറിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ഉപയോഗിച്ചുള്ള ലൈബ്രറി സമുച്ചയത്തിന്റെ പണി പൂർത്തിയായി. രണ്ട് കോടി രൂപ സർക്കാർ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്വതന്ത്ര അധികാരമുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് അവിടുത്തെ പ്രശ്നം. കൊട്ടാരക്കരയുടെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥൻ ഇൻ ചാർജ് മാത്രമാണ് ഇപ്പോഴുള്ളത്. അതിനാൽ ദൈനംദിന കാര്യങ്ങൾ ശ്രദ്ധിക്കാൻ സാധിക്കുന്നില്ല. മൂന്ന് വർഷമായി കാട് വെട്ടി തെളിയിക്കുന്നതിനുള്ള ഇലക്ട്രിക് മെഷീൻ തകരാറിലാണ്. ഇവയ്ക്ക് പരിഹാരം കാണും. ആലോചനായോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, പഞ്ചായത്തംഗം ലിന്റോ, അഡ്വ. എസ് മനോജ്, അരുൺ കെ എസ് മണ്ണടി, പത്മിനിയമ്മ, സാജൻ, തുടങ്ങിയവർ പങ്കെടുത്തു.