അടൂർ: അടിക്കടി അപകടം ഉണ്ടാകുന്ന മണ്ണടി ആലുമുക്കിലെ അപകടക്കെണി ഒഴിവാക്കുന്നതിന് പരിഹാരം കാണാൻ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തി.കടമ്പനാട് - മണ്ണടി - ഏനാത്ത് റോഡിൽ കഴിഞ്ഞ ദിവസവും ടിപ്പർലോറി സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചിരുന്നു. റോഡിന്റെ ഒരുഭാഗം ചരിഞ്ഞതും എസ് ആകൃതിയിൽ ഉള്ള വളവുമാണ് അപകടത്തിന് ഇടയാക്കുന്നതെന്നാണ് വിലയിരുത്തൽ . പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ വിനു, അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബിനുതുടങ്ങിയവർ ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു. റോഡിന്റെ കിഴക്കും പടിഞ്ഞാറും ഹമ്പുകൾ സ്ഥാപിക്കും. റോഡ് സേഫ്റ്റി ഫണ്ട് ഉപയോഗിച്ച് റോഡിന്റെ വീതി കൂട്ടും. വളവ് വീതി കൂട്ടുന്നതിന് സ്ഥലം ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന് നിർദ്ദേശം നൽകി. ചിറ്റയത്തിനൊപ്പം കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ്, വൈസ് പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് .ഷിബു, പൊതുപ്രവർത്തകരായ അഡ്വ. എസ് മനോജ്, അരുൺ കെ എസ് മണ്ണടി, സാജൻ, പത്മിനിയമ്മ, പഞ്ചായത്തംഗം ലിന്റോ തുടങ്ങിയവരും ഉണ്ടായിരുന്നു.