തിരുവല്ല: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 24 കേസുകളിൽ പ്രതിയായ യുവാവ് വധശ്രമക്കേസിൽ വീണ്ടും പിടിയിലായി. തിരുവല്ല നിരണം മുണ്ടനാരിൽ അനീഷ് (34 ) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ച് 22ന് രാത്രി കോഴിമല തൈപ്പറമ്പിൽ ശ്രീനിവാസനെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഈ കേസിൽ ഉൾപ്പെട്ട രണ്ടു പ്രതികൾ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. ഒളിവിലായിരുന്ന അനീഷിനെ ഇന്നലെയാണ് പിടികൂടിയത്. തിരുവല്ല, പുളിക്കീഴ്, വീയപുരം, മാന്നാർ, വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ കൊലപാതകം, മോഷണം, അക്രമങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു. സി.ഐ.പി.ഹരിലാൽ, എസ്.ഐ പ്രശാന്ത് സി.പി.ഒ മാരായ മനോജ്, വിഷ്ണു, സന്തോഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.