പത്തനംതിട്ട: കൊവിഡ് തീവ്രതയിൽ ഓക്‌സിജൻ ദൗർലഭ്യം പരിഹരിക്കുന്നതിന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ നടത്തിയ ചാരിറ്റി ഡ്രൈവിന്റെ ഭാഗമായി ഗ്ലോബൽ ട്രഷറർ ജെയിംസ്
കൂടൽ നൽകിയ ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ പത്തനംതിട്ടയിൽ വിതരണം ചെയ്തു. കെ.കരുണാകരൻ പാലിയേറ്റീവ് കെയർ, ആറന്മുള നിയോജക മണ്ഡലം യൂത്ത് കെയറിന്റെ ആംബുലൻസ് സർവീസ്, സാമൂഹ്യ പ്രവർത്തകനായ കുന്നപ്പുഴ രാജു വർഗീസ് എന്നിവർക്ക് പത്തനംതിട്ടയിൽ നടന്ന ചടങ്ങിൽ യൂണിറ്റുകൾ കൈമാറി. യൂത്ത് കെയറിന് വേണ്ടി കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, ബ്ലോക്ക് പ്രസിഡന്റ് അഫ്‌സൽ വി.ഷെയ്ക്ക് എന്നിവരും കെ.കരുണാകരൻ പാലിയേറ്റീവ് സൊസൈറ്റിക്ക് വേണ്ടി കോഓർഡിനേറ്റർ റോജി പോൾ ഡാനിയേലും ഓക്‌സിജൻ കോൺസൻട്രേറ്ററുകൾ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിൽ നിന്നും ഏറ്റുവാങ്ങി. ചടങ്ങിൽ കെ.പി.സി.സി എക്‌സിക്യൂട്ടീവ് മെമ്പർ തോപ്പിൽ ഗോപകുമാർ, ഡി.സി.സി ഭാരവാഹികളായ അഡ്വ. ജോൺസൺ വിളവിനാൽ, അഡ്വ.വി.ആർ സോജി, സജി കൊട്ടയ്ക്കാട്, അമ്പിളി ടീച്ചർ,ടി.കെ ജയിംസ്, കെ.എ കുട്ടപ്പൻ,മേഴ്‌സി മാത്യു, അനിതാ അനിൽ കുമാർ, റോണി സക്കറിയ, ജിജി വർഗീസ് ജോൺ, ആശ സി.ജി എന്നിവർ പങ്കെടുത്തു. തിരുവല്ല മെഡിക്കൽ മിഷന് നല്കിയ ഓക്‌സിജൻ യൂണിറ്റ് തിരുവല്ല മെഡിക്കൽ മിഷനുവേണ്ടി നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാർ ഏറ്റുവാങ്ങി .25 ഓക്‌സിജൻ യൂണിറ്റുകളാണ് ആദ്യ ഗഡുവായി കേരളത്തിൽ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വിതരണം ചെയ്യുന്നത്.