പത്തനംതിട്ട : മഴ ആയാൽ വെള്ളക്കെട്ട് , അല്ലാത്തപ്പോൾ പൊടിശല്യം. ഇതാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലേക്കുള്ള റോഡിന്റെ അവസ്ഥ. റോഡ് നന്നാക്കി ടാർ ചെയ്യാൻ തീരുമാനം ആയെങ്കിലും പണി പാതിവഴിയിൽ മുടങ്ങി. 24 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൊവിഡ് വ്യാപനത്തെ തുടർന്ന് പണിമുടങ്ങുകയായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. നഗരസഭയിലെ മുപ്പതാം വാർഡിലാണ് തകർച്ചയിലായ റോഡുള്ളത്.
നാല് നിലയുള്ള കെട്ടിടമാണ് ജില്ലാ വെറ്ററിനറി കേന്ദ്രമായി പ്രവർത്തിക്കുന്നത്. ഇന്റൻസീവ് കാറ്റിൽ ഡെവലപ്പ്മെന്റ് പ്രോജക്ട്, ആനിമൽ ഡിസീസ് കൺട്രോൾ, പ്രോഗ്രാം, റീജിയണൽ ആനിമൽ ഹസ്ബൻഡറി ഓഫീസ്, പാരാ ജില്ലാ വെറ്ററിനറി ഓഫീസ് എന്നിവയും ഈ കെട്ടിടത്തിലാണ്.
" വെറ്ററിനറി കേന്ദ്രത്തിലേക്കുള്ള റോഡിനായുള്ള ഫണ്ട് മുൻ വർഷം നീക്കി വച്ചിരുന്നു. പക്ഷെ കൊവിഡ് എത്തിയതോടെ ബാക്കി പണി നടന്നില്ല. നിലവിൽ റോഡിന്റെ ഇരുവശവും കെട്ടി ഉയർത്തിയിട്ടുണ്ട്. മഴ പെയ്താൽ വെള്ളം കയറുന്നതിനാൽ കലുങ്കും ഓടയും നിർമ്മിച്ച് വെള്ളം ഒഴുക്കി കളയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഉടൻ തന്നെ നിർമ്മാണം പൂർത്തിയാക്കാൻ ശ്രമിക്കും. "
സിന്ധു അനിൽ
വാർഡ് കൗൺസിലർ