തിരുവല്ല: വർഷങ്ങളായി തകർച്ചയിലായിരുന്ന തിരുമൂലപുരം - കറ്റോട് റോഡിന്റെ ടാറിംഗ് തുടങ്ങി. എം.സി റോഡിനെയും ടി.കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. രണ്ടുവർഷം മുമ്പ് ബഡ്‌ജറ്റിൽ അനുവദിച്ച മൂന്നര കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിക്കുന്നത്. ആദ്യത്തെ ടെണ്ടറിൽ കരാർ ആരും ഏറ്റെടുത്തില്ല. തുടർന്ന് വീണ്ടും ടെണ്ടർ ചെയ്തതിനാലാണ് നിർമ്മാണം വൈകിയത്. മൂവാറ്റുപുഴയിലെ കമ്പനിയാണ് ഇപ്പോൾ നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്. തിരുമൂലപുരം കുരിശടി മുതൽ കറ്റോട് ജംഗ്ഷൻവരെ മൂന്നര കിലോമീറ്ററാണ് റോഡിന്റെ ദൂരം. റോഡ് നിരപ്പാക്കിയ ശേഷമുള്ള ഒന്നാംഘട്ട ടാറിംഗാണ് ഇന്നലെ മുതൽ തുടങ്ങിയത്. ബിഷപ്പ് ഹൗസിന് സമീപത്തെ പഴയ കലുങ്ക് പൊളിച്ച് പുതിയത് നിർമ്മിക്കും. രണ്ടാംഘട്ട ടാറിംഗിന് മുന്നോടിയായി ഇത് പൂർത്തിയാക്കും. മൂന്ന് വർഷത്തെ ഗാരണ്ടിയോടെയാണ് റോഡ് നിർമ്മിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെടുത്ത കുഴികളാണ് ഏറെക്കാലം റോഡിനെ തകർച്ചയിലാക്കിയത്.

ഓട നിർമ്മിക്കാൻ സ്ഥലമില്ല

തിരുമൂലപുരം - കറ്റോട് റോഡ് നിലവാരമുയർത്തി നിർമ്മിക്കുമ്പോൾ ഓടയും നടപ്പാതയും എല്ലാഭാഗത്തും നിർമ്മിക്കാൻ സാധിച്ചിട്ടില്ല. അഞ്ചര മീറ്ററിൽ തന്നെ ടാറിംഗ് നടത്തണമെന്ന് നിർബന്ധമുണ്ട്. ഇതുകാരണം പലയിടത്തും ആവശ്യമായ വീതി ലഭിക്കാത്തതിനാൽ കുറച്ചുഭാഗത്ത് മാത്രമേ ഓടയുടെ നിർമ്മാണം നടന്നിട്ടുള്ളൂ. ഇതുകാരണം മഴക്കാലത്ത് റോഡിന്റെ തകർച്ചയ്ക്ക് തന്നെ കാരണമായേക്കും.

ഗതാഗതം നിരോധിച്ചു
തിരുമൂലപുരം - കറ്റോട് റോഡിന്റെ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. വാഹനങ്ങൾ അനുബന്ധ വഴികളിലൂടെ കടന്നുപോകണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.

-------------

- എം.സി റോഡിനെയും ടി.കെ റോഡിനെയു ബന്ധിപ്പിക്കുന്ന പ്രധാന പാത

-ബി.എം ആൻഡ് ബി.സി നിലവാരത്തി നി‌ർമ്മാണം

-ടാറിംഗ് അഞ്ചര മീറ്റർ വീതിയിൽ

-ദൂരം മൂന്നര കിലോമീറ്റർ

-----------

വീതികൂട്ടി റോഡ് നിർമ്മിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇനിയും സ്ഥലം ലഭിച്ചാൽ ഓടയും നടപ്പാതയും നിർമ്മിക്കും (പൊതുമരാമത്ത് അധികൃതർ)