പെരുനാട്, അത്തിക്കയം, കുടമുരുട്ടി മേഖലകളിലെ ആശുപത്രികളുടെ പ്രവർത്തനം പകൽ മാത്രം
റാന്നി: അടിയന്തരാവശ്യങ്ങൾക്ക് രാത്രിയിൽ ആശുപത്രിയിലെത്തണമെങ്കിൽ പെരുനാട്, അത്തിക്കയം, കുടമുരുട്ടി പ്രദേശങ്ങളിലുള്ളവർ വലയും. സമീപത്തുള്ള ആശുപത്രികളിൽ രാത്രികാല ചികിത്സയില്ല. രോഗികളെയും കൊണ്ട് കിലോമീറ്ററുകൾ സഞ്ചരിച്ച് മറ്റെവിടെയെങ്കിലും എത്തണം. സാധാരണക്കാരായ ആളുകൾക്ക് ആശ്രയം സർക്കാർ ആശുപത്രികളാണ്. റാന്നി - പെരുനാട് ജനറൽ ആശുപത്രി, നാറാണംമൂഴി പി. എച്ച്.സി എന്നിവ പ്രവർത്തിക്കുന്നത് പകൽ മാത്രമാണ്. രാത്രിയിൽ ചികിത്സ കിട്ടണമെങ്കിൽ റാന്നി ജനറൽ ആശുപത്രിയിലോ സ്വകാര്യ ആശുപത്രികളിലോ എത്തണം. പെരുനാട് , മാമ്പാറ , കൂനംകര എന്നിവടങ്ങളിലുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയെയാണ് ആശ്രയിക്കുന്നത്. ശബരിമല തീർത്ഥാടനകാലത്ത് മാത്രമാണ് റാന്നി - പെരുനാട് ജനറൽ ആശുപത്രിയിൽ രാത്രിയിൽ ചികിത്സ ലഭിക്കുന്നത്. അത്തിക്കയത്തുള്ള സ്വകാര്യ ക്ലിനിക്കും ഇപ്പോൾ രാത്രി 7 മണിക്ക് ശേഷം പ്രവർത്തിക്കുന്നില്ല. അസഹ്യമായ വയറുവേദന അനുഭവപ്പെട്ടതുമൂലം കഴിഞ്ഞ ദിവസം രാത്രി ഒരുമണിക്ക് അത്തിക്കയം സ്വദേശിക്ക് റാന്നി ജനറൽ ആശുപത്രിയിൽ പോകേണ്ടിവന്നു. മടങ്ങിയെത്തിയെങ്കിലും വെളുപ്പിന് മൂന്നുമണിയോടെ വീണ്ടും കടുത്ത വയറു വേദന മൂലം റാന്നിയിലേക്ക് വീണ്ടും പോകേണ്ടിവന്നു. പത്തും പതിനഞ്ചും കിലോമീറ്ററാണ് ഇങ്ങനെ സഞ്ചരിക്കേണ്ടിവരുന്നത്. രാത്രിയിൽ റാന്നിയിലേക്കും പത്തനംതിട്ടയിലേക്കും വാഹനങ്ങൾ വിളിച്ചു പോകുന്നതിന്റെ ചെലവും നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു.
" അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രികളിൽ എത്തിച്ച് ചികിത്സിക്കേണ്ടി വരുന്നത് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിന് അടിയന്തര പരിഹാരം കാണണം.
റാന്നി - പെരുനാട് ജനറൽ ആശുപത്രിയിലെങ്കിലും രാത്രികാല ചികിത്സവേണം.
മനേഷ് ഓലിക്കൽ
പൊതു പ്രവർത്തകൻ