തിരുവല്ല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവല്ല നിയോജകമണ്ഡലത്തിൽ നാല് ഐസലേഷൻ വാർഡുകൾ സജ്ജീകരിക്കുമെന്ന് മാത്യു ടിതോമസ് എം.എൽ.എ അറിയിച്ചു. തിരുവല്ല താലൂക്ക് ആശുപത്രി, കല്ലൂപ്പാറ, ചാത്തങ്കേരി, കുന്നന്താനം എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലുമാണ് ഐസലേഷൻ വാർഡുകൾ ഒരുക്കുക. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചാണ് വാർഡുകൾ സജ്ജമാക്കുന്നത്. ഐസലേഷൻ വാർഡുകൾ, അവയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സജ്ജീകരിക്കുക. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ആസ്തി വികസന ഫണ്ടിൽ നിന്നും തിരുവല്ല , മല്ലപ്പള്ളി എന്നീ താലൂക്ക് ആശുപത്രികളിൽ വെന്റിലേറ്റർ അടക്കമുള്ളവ സൗകര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞ വർഷം ഒരു കോടി രൂപ അനുവദിച്ചിരുന്നതായും ഐസലേഷൻ വാർഡുകളുടെ നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.