പത്തനംതിട്ട: അടൂർ കരുവാറ്റ ബൈപ്പാസിനോട് ചേർന്ന് താമസിക്കുന്ന പട്ടികജാതി കുടുംബങ്ങൾക്ക് റോഡരികിലെ വെള്ളക്കെട്ട് ദുരിതമാകുന്നു. 2016ൽ ഇവിടെയുള്ള വെള്ളക്കെട്ട് ഒഴിവാക്കാൻ അടൂർ നഗരസഭ നിർമ്മിച്ച ഓട ബൈപ്പാസിനോട് ചേർന്ന് കച്ചവടം ചെയ്യുന്നവർ കൈയേറിയതോടെയാണ് വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ വെള്ളക്കെട്ട് രൂപംകൊണ്ടത്.
മഴ പെയ്യുമ്പോൾ വെള്ളക്കെട്ട് രൂക്ഷമാകുന്നതിനാൽ സമീപവാസികളായ അമ്പനാട്ട് വീട്ടിൽ കുഞ്ഞുപെണ്ണിന്റെയും ശശിയുടെയും വീടുകളിലേക്ക് വെള്ളം തെറിച്ചുകയറുകയാണ്. പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത വിധമാണ് വെള്ളം മുറ്റത്ത് നിറയുന്നത്. വീട്ടുമുറ്റത്തുള്ള കിണറിലേക്ക് മലിനജലം ഒലിച്ചിറങ്ങുന്നതിനാൽ വെള്ളവും ഉപയോഗശൂന്യമായി. റോഡിനോട് ചേർന്നുള്ള നിലം വ്യാപകമായി കൈയേറിയതിനാൽ സ്വാഭാവിക നീരൊഴുക്കിന് തടസ്സമായിരിക്കുകയാണ്. മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. ബന്ധപ്പെട്ടവർക്കെല്ലാം പരാതി നൽകിയെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ശാശ്വത പരിഹാരമായില്ലെന്നും ഇത് സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകുമെന്നും അംബേദ്കറൈറ്റ് പാർട്ടി ഒഫ് ഇന്ത്യ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. എ.പി.ഐ സംസ്ഥാന പ്രസിഡന്റ് വിജയൻ മാമ്മൂട്, മോഹനൻ അമ്പനാട്ട്, രാമചന്ദ്രൻ ഓമല്ലൂർ, ശശി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു