തിരുവല്ല: തിരുവല്ല- കാവുംഭാഗം റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് തിരുവല്ല വിജിലൻസ് കൗൺസിൽ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രി, ഫയൽ സ്റ്റേഷൻ, കൊവിഡ് വാക്‌സിനേഷൻ സെന്റർ, പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം സ്ഥിതി ചെയ്യുന്ന സംസ്ഥാന ഹൈവേയായ റോഡ് വാഹനങ്ങൾക്ക് ചലിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ്. ഇരുവശവുമുള്ള ബഥനി റോഡും കുളക്കാട് റോഡും ഇതേ അവസ്ഥയിലാണ്. റോഡിന്റെ ഇരുവശവും ഒരേ സമയം കുഴിച്ചിട്ടിരിക്കുന്ന നടപടിയാണ് ഗതാഗത സ്തംഭനത്തിനു കാരണം. ജനപ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും തെറ്റായ രീതിയിൽ ചുമതലക്കാർ സ്വാധീനിച്ചിരിക്കുന്നതിനാലാണ് ഈ പ്രശ്‌നത്തിൽ ഇവർ നിസംഗത പാലിക്കുന്നതെന്നും കൗൺസിൽ ആരോപിച്ചു. പ്രസിഡന്റ് അഡ്വ.പ്രകാശ് പി.തോമസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് കുരുവിള, ടി.എ.എൻ. ഭട്ടത്തിരിപ്പാട്, ജെയിംസ് ടി.,ഡി.ബാബു,വി.എം.സദാശിവൻ പിള്ള എന്നിവർ പ്രസംഗിച്ചു.