perumpuzha-bus-stand-
Perumpuzha Bus Stand Parking Issue

റാന്നി: റാന്നി - പെരുമ്പുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം ബസിന് കയറി ഇറങ്ങുവാൻ സ്ഥലമില്ലെന്ന് പരാതി . ബസ് സ്റ്റാന്റിലെ അനധികൃത പാർക്കിംഗ് കാരണം ബസുകൾ കയറി ഇറങ്ങുന്നത് തടസമായിട്ടും പഞ്ചായത്ത് അധികാരികൾ അനങ്ങുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബസ്റ്റാന്റിലെ അനധികൃത പാർക്കിംഗിനെതിരെ നടപടി സ്വീകരിക്കണമെന്ന് നിരവധിതവണ പരാതി ഉയർന്നിട്ടും പഞ്ചായത്തോ പൊലീസോ യാതൊരു നടപടിയും എടുത്തില്ല. ഇന്നലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ ബസ് തിരിക്കാൻ സ്ഥലം ഇല്ലാത്തതു കാരണം റോഡിൽ തിരിക്കേണ്ട സ്ഥിതിയുണ്ടായി. ഈ സമയം പെരുമ്പുഴ ടൗണിൽ മണിക്കൂറുകളോളം ഗതാഗത തടസം ഉണ്ടായി. ആംബുലൻസ് കടന്നു പോകാൻ തടസം നേരിട്ടു. സംസ്ഥാന പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കലുങ്ക് പണി നടക്കുന്നതിനാൽ ചെല സമയങ്ങളിലും ഗതാഗത തടസം ഉണ്ടാകാറുണ്ട്. റാന്നി താലൂക്കാശുപത്രിയിലേക്കുളള വഴി അടച്ച് വാഹനങ്ങൾ ചില സമയങ്ങളിൽ പാർക്ക് ചെയ്യുന്നതായി പരാതി ഉയർന്നിട്ടുണ്ട്. പെരുമ്പുഴ ബസ് സ്റ്റാന്റിന് പഞ്ചായത്ത് കോപ്ലക്‌സിൽ വ്യാപാരം നടത്തുന്ന സ്ഥാപന ഉടമകൾ പഞ്ചായത്തിൽ പരാതി പറഞ്ഞ് മടുത്തതായി പറയുന്നു. വലിയതുക മുടക്കി പഞ്ചായത്തിൽ ലേലം ചെയ്ത മുറികളിൽ മെഡിക്കൽ ഷോപ്പ് അടക്കം സ്ഥാപനങ്ങളാണുള്ളത്. വാഹനങ്ങൾ കടയുടെ മുൻപിൽ നിറുത്തി പാർക്ക് ചെയ്യുന്നതിനാൽ സാധനങ്ങൾ വാങ്ങാൻ വരുന്നവർ കയറാതെ തിരിച്ചു പോകുകയാണ്. പെരുമ്പുഴ ബസ്റ്റാന്റിന് സമീപം പഞ്ചായത്ത് വക പാർക്കിംഗ് സ്ഥലം ഉണ്ടായിട്ടും ഈ സൗകര്യം ഉപയോഗിക്കാതെയാണ് വാഹന ഉടമകൾ ബസ്റ്റാന്റിൽ പാർക്കു ചെയ്യുന്നത്.