റാന്നി: റാന്നി ടൗണിൽ സംസ്ഥാന പാതയുടെ ഒന്നാംഘട്ട ടാറിംഗ് ജോലികൾ പൂർത്തിയാകുന്നു. ടൗണിൽ റോഡിന്റെ ഇരുവശത്തു മുള്ള ഫുട്പാത്തിന്റെ കല്ല് പാകൽ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. 11 മീറ്റർ ടാറിംഗ് കൂടാതെ ഇരു വശങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഫുട്പാത്താണ് നിർമ്മിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഓടയുടെ മുകൾ ഭാഗമാണ് യാത്രക്കാർക്ക് വാഹന തിരക്കിൽപ്പെടാതെ നടന്നു പോകുന്നതിനെ ഫുട്പാത്ത് ക്രമീകരിക്കുന്നത്. ലോക് ഡൗൺ നിയന്ത്രണങ്ങളാൽ വാഹന തിരക്ക് കുറഞ്ഞതോടെ റാന്നി ടൗണിലെ സംസ്ഥാന പാതയുടെ പണിയാണ് അതിവേഗത്തിൽ പുരോഗമിച്ചത്. നിയന്ത്രണങ്ങൾക്ക് മുൻപ് റോഡിൽ വാഹന തിരക്ക് ഉണ്ടായിരുന്നതിനാൽ റോഡിന്റെ ഒരു വശം പണിത് മുന്നേറുകയായിരുന്നു. വാഹനങ്ങൾ ഇടവേളകൾ ഇല്ലാതെ വരുന്നതിനാൽ കരാർ കമ്പനിയുടെ തൊഴിലാളികൾ റോഡുപണി നടക്കുന്നിടത്ത് നിന്ന് 50 മീറ്ററോളം മുൻപിൽ നിന്ന് കൊടി കാട്ടി വാഹനങ്ങൾ നിയന്ത്രിച്ചാണ് വാഹന തിരക്ക് കുറച്ചിരുന്നത്. എന്നാൽ കരാർ കമ്പനി തൊഴിലാളികൾ നിയന്ത്രണ നടത്തിയിരുന്നതിനാൽ നാട്ടുകാരായ വാഹന ഉടമകൾ നിയന്ത്രണം പാലിക്കാത്തത് ടൗണിൽ മിക്കപ്പോഴും ഗതാഗതാ കുരുക്കിന് കാരണമായി. പിന്നീട് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ റോഡുപണി വേഗത്തിലായി. ഇട്ടിയപ്പാറ മുതൽ റാന്നി പാലം വരെയുള്ള റോഡ് ഇളക്കി നിരപ്പാക്കുകയും, ഒന്നാം ഘട്ടം ടാറിംഗ് പൂർത്തിയാക്കുകയും ചെയ്തു. ടൗണിലെ ഓടയിൽ നിന്നും വെള്ളം ഒഴുകി പോകുന്ന കലുങ്കുകളുടെ പണികളും പൂർത്തിയായി. ലോക് ടൗൺ പൂർണമായി അവസാനിക്കുമ്പോഴേയ്ക്കും സംസ്ഥാന പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.