കൂടൽ: ജംഗ്ഷനിലും പരിസര പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായി. ഫെഡറൽ ബാങ്ക് മുതൽ ഗുരുമന്ദിരം വരെയുള്ള ഭാഗങ്ങളിൽ തെരുവ് നായ്ക്കൾ അലത്തുനടക്കുകയാണ്. വഴിനടക്കാൻ ആളുകൾ ഭയപ്പെടുന്നു. കഴിഞ്ഞ ദിവസം കൂടൽ സ്വദേശിയായ പ്രത്രം ഏജന്റ് സുരേന്ദ്രനെ പേപ്പട്ടി കടിച്ചിരുന്നു. നാട്ടുകാർ പട്ടിയെ തല്ലിക്കൊന്നു. സുരേന്ദ്രൻ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇരുചക്രവാഹനയാത്രക്കാർക്ക് പുറകെ തെരുവ് നായ്ക്കൾ ഓടുന്നത് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു. ജംഗ്ഷനിൽ ബസ് കാത്തുനിൽക്കുന്നവർക്കും നായ്ക്കൾ ഭീഷണിയാണ്. പ്രഭാത സവാരിക്കിറങ്ങുന്നവരുടെ നേരെയും തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. കൂടലിലെ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലറ്റിന് സമീപത്ത് ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും റോഡരികിൽ ഉപേക്ഷിക്കുന്ന ഇറച്ചിക്കോഴികളുടെ അവശിഷ്ടങ്ങളുമാണ് തെരുവ് നായ്ക്കളെ ഇവിടേക്ക് ആകർഷിക്കുന്നത്. നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.