കടമ്പനാട് : ലക്ഷം തൊഴിൽദാന പദ്ധതിയിലും പുതിയ കൃഷിമന്ത്രിയിലും പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് കർഷകർ. 1994 ൽ കെ.ആർ ഗൗരിയമ്മ കൃഷി മന്ത്രിയായിരുന്ന നാളിലായിരുന്നു ലക്ഷം തൊഴിൽദാന പദ്ധതിയുടെ തുടക്കം. ഓരോ കൃഷിഭവനിലും 100 പേരെ അംഗങ്ങളാക്കിയുള്ള പദ്ധതി ആരംഭിക്കുകയായിരുന്നു. പദ്ധതിയിൽ ചേർന്ന് കൃഷി നടത്തുകയും എല്ലാവർഷവും രജിസ്ട്രേഷൻ പുതുക്കുകയും ചെയ്യുന്നവർക്ക് 60 വയസ്സിനുശേഷം 1000 രൂപ പ്രതിമാസ പെൻഷൻ , 30,000 രൂപ മുതൽ 60,000 രൂപ വരെ ഗ്രാറ്റുവിറ്റി, മരണശേഷം അവകാശിക്ക് ഒരു ലക്ഷം രൂപ, സാമൂഹ്യ സുരക്ഷിതത്വ ഫണ്ടിലേക്ക് ഒരോരുത്തർക്കും ആയിരം രൂപയുടെ സർക്കാർ നിക്ഷേപം, തുടങ്ങി പദ്ധതിയുടെ ഗുണഫലങ്ങളേറെയായിരുന്നു. വളരെ ആവേശത്തോടെ യുവാക്കൾ പദ്ധതിയിൽ ചേർന്നു. എന്നാൽ ഒരു വർഷം പിന്നിട്ടപ്പോൾ പദ്ധതിയിൽ നിന്ന് സർക്കാർ പിൻവാങ്ങി. പദ്ധതി പിൻവലിച്ചതായി പ്രത്യേക ഉത്തരവുകളൊന്നും ഇറക്കിയതുമില്ല.

കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യവികസനം എന്നിങ്ങനെ തൊഴിൽ മേഖല തിരിച്ചാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ 2015 ൽ ലക്ഷം തൊഴിൽദാന പദ്ധതിയിൽ എല്ലാ വർഷവും രജിസ്ട്രേഷൻ പുതുക്കിയ കർഷകർക്ക് പുതിയ സഹായധനം പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. 250 വാഴ കൃഷി ചെയ്യുന്ന കർഷകന് 5250 രൂപ, ഒരു ലക്ഷം രൂപ വായ്പയെടുത്ത് പശുവിനെ വളർത്തുന്നവർക്ക് 50,000 രൂപയുടെ സഹായം എന്നിങ്ങനെയായിരുന്നു സഹായപ്രഖ്യാപനം. തുടങ്ങിയപ്പോൾതന്നെ പദ്ധതി ഉപേക്ഷിച്ചതിനാൽ രജിസ്ടേഷൻ പുതുക്കിയവരുടെ എണ്ണം ഒരു കൃഷിഭവൻ പരിധിയിൽ 5 മുതൽ 10 വരെയാണ് ഉണ്ടായിരുന്നത്. അവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചെങ്കിലും ആനുകൂല്യങ്ങൾ നൽകിയില്ല. ലോക്ക് ഡൗണിൽ മറ്റ് ഉപജീവനമാർഗ്ഗം ഇല്ലാതെ വന്നതിനെ തുടർന്ന് നിരവധി പേരാണ് കൃഷിലേക്ക് വന്നത്. ലക്ഷം തൊഴിൽ ദാന പദ്ധതി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിച്ച് നടപ്പാക്കിയാൽ നിരവധി യുവാക്കളെ കാർഷികമേഖലയിൽ ആകർഷിക്കാൻ കഴിയും. പുതിയ കൃഷി മന്ത്രിയോട് ഇക്കാര്യം ചൂണ്ടികാട്ടി തെങ്ങമത്തുനിന്നുള്ള കർഷകർ നിവേദനം നൽകി. ശ്രദ്ധയിൽ ഉണ്ടെന്നും പ്രായോഗികത നോക്കട്ടെയെന്നുമാണ് മന്ത്രി കർഷകരോട് പറഞ്ഞത്. ഏതായാലും മന്ത്രിയിൽ പ്രതീക്ഷയിലാണ് കർഷകർ.

സഹായം കിട്ടാതെ ഉണ്ണികൃഷ്ണൻ

1994ൽ പദ്ധതിയിൽ പള്ളിക്കൽ കൃഷിഭവനിൽ രജിസ്റ്റർ ചെയ്ത കർഷകനാണ് ചെറുകുന്നം കല്ലുള്ളതിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ. സർക്കാർ പ്രഖ്യാപനങ്ങൾ കേട്ട് ഗൾഫിൽ പോകാനുള്ള മോഹം മാറ്റിവച്ചാണ് സ്വന്തം സ്ഥലത്തും പാട്ടത്തിനെടുത്ത സ്ഥലത്തും കൃഷി ആരംഭിച്ചത്. സർക്കാർ പിൻമാറിയെങ്കിലും ഉണ്ണികൃഷ്ണൻ എല്ലാ വർഷവും രജിസ്ട്രേഷൻ പുതുക്കിക്കൊണ്ടിരുന്നു. 2015 ൽ സർക്കാർ എല്ലാ വർഷവും പുതുക്കിയ കർഷകർക്ക് ആനുകൂല്ല്യങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഉണ്ണികൃഷ്ണനും അപേക്ഷ നൽകി. ഇവിടെയും സർക്കാർ പറ്റിച്ചു. ആനുകൂല്യം നൽകിയില്ല.