കോന്നി : 2019 ൽ ഉരുൾപൊട്ടലിന് സമാനമായ മലയിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായ കോന്നി പൊന്തനാംകുഴി ഐ.എച്ച്.ആർ.ഡി കോളനിയിലെ താമസക്കാർക്ക് ആശ്വാസമായി സർക്കാർ സഹായമെത്തി. മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന പൊന്തനാംകുഴിയിലെ 32 കുടുംബങ്ങൾക്ക് വീടിനും വസ്തുവിനുമായി പത്ത് ലക്ഷം രൂപ വീതം അനുവദിച്ചു. ആനത്താവളത്തിന് എതിർഭാഗത്താണ് പൊന്തനാംകുഴി ഐ.എച്ച്.ഡി.പി കോളനി.
മണ്ണിടിച്ചിലിനെ തുടർന്ന് ഈ കുടുംബങ്ങൾ മഴക്കാലത്ത് ഭീതിയോടെയാണ് ഇവിടെ താമസിച്ചു വന്നിരുന്നത്. മണ്ണിടിച്ചിലിനു ശേഷം ഭീതി ഇരട്ടിയായി.തുടർന്ന് ശക്തമായ മഴ വന്നാൽ ഈ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മാറ്റി പാർപ്പിച്ചു വരികയായിരുന്നു. കഴിഞ്ഞ മാസവും ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. അടൂർ ആർ.ഡി.ഒയുടെ നേതൃത്വത്തിൽ ജില്ലാ ജിയോളജിസ്റ്റ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ എന്നിവരടങ്ങുന്ന സംഘം നടത്തിയ സംയുക്ത പരിശോധനയിൽ 32 കുടുംബങ്ങൾ താമസിക്കുന്ന സ്ഥലം വാസയോഗ്യമല്ലെന്നും അതിൽ ത്തന്നെ മലയുടെ മുകളിലായി നീളത്തിൽ വിള്ളലുകൾ രൂപപ്പെട്ട ഭാഗത്തിന് താഴെയായി അഞ്ച് കുടുംബങ്ങൾ കഴിയുന്നുണ്ടെന്നും ഇവരെ അടിയന്തരമായി മാറ്റിപ്പാർപ്പിക്കണമെന്നും ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. 32 കുടുംബങ്ങൾക്ക് സ്ഥലം വാങ്ങി വീടുവയ്ക്കുന്നതിനായി 10 ലക്ഷം രൂപ വീതം അനുവദിക്കുന്നതിന് അനുമതി നൽകണമെന്ന് കളക്ടർ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു . ഇതേ തുടർന്നാണ് വീട് വയ്ക്കുന്നതിന് നാല് ലക്ഷം രൂപയും, വസ്തുവാങ്ങുന്നതിന് ആറ് ലക്ഷം രൂപയും ഉൾപ്പെടെ 10 ലക്ഷം രൂപ വീതം അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയത്.