മല്ലപ്പള്ളി : മുട്ടിൽ മരംമുറി കേസിലെ പ്രതിയെ മന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചതടക്കമുള്ള കാര്യങ്ങൾ പുറത്തു വന്നിരിക്കുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം വസ്തുതകൾ മൂടിവച്ച് ഉന്നതരെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശേറി ആരോപിച്ചു. മരംകൊള്ളയെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് മല്ലപ്പള്ളി താലൂക്ക് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള്ളക്കളി പുറത്താകുന്നത് ഒഴിവാക്കാനാണ് ഫയൽ പൂഴ്ത്തിയിരിക്കുന്നത്. ഉപ്പു തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് ആവർത്തിക്കുന്ന മുഖ്യമന്ത്രി കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തെ പ്രതിരോധിക്കുന്നതെന്തിനാണ്. ഉന്നതന്മാരുടെ പങ്ക് പുറത്തു വരണമെങ്കിൽ രേഖകൾ വെളിച്ചത്ത് വരണമെന്ന് പുതുശ്ശേരി പറഞ്ഞു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ഗിരിഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി. അംഗം കീഴ്വായ്പ്പൂര് ശിവരാജൻ, മുൻ മണ്ഡലം പ്രസിഡന്റ് കെ.ജി. സാബു, ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.കെ. സുഭാഷ് കുമാർ, ഭാരതീയ നാഷണൽ ജനതാദൾ ജില്ലാ പ്രസിഡന്റ് മധു ചെമ്പുകുഴി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.