പന്തളം: കുരമ്പാല -പൂഴിക്കാട്- വലക്കടവ്- മുട്ടാർ റോഡ് തകർന്ന് യാത്ര ദുരിതമായി. പുനർനിർമ്മാണത്തിന് പണം അനുവദിച്ചെന്ന് അധികൃതർ പറഞ്ഞിട്ട് ഒരു വർഷത്തോളമായി .
എം.സി റോഡിൽ കുരമ്പാല ആലുംമൂട്ടിൽ ജംഗ്ഷനിൽ ആരംഭിച്ച് തവളംകുളം, പൂഴിക്കാട് സ്‌കൂൾ ജംഗ്ഷൻ ,വലക്കടവ് വഴി പന്തളം- മാവേലിക്കര റോഡിൽ മുട്ടാർ ജംഗ്ഷനിൽ എത്തുന്നതാണ് റോഡ്.
7 വർഷം മുമ്പ് ചിറ്റയം ഗോപകുമാർ എം.എൽഎയുടെ മണ്ഡല ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 2 കോടി രുപ ചെലവിൽ പുനരുദ്ധാരണം നടത്തിയെങ്കിലും ഉദ്ഘാടനത്തിനു മുമ്പുതന്നെ പല ഭാഗങ്ങളും തകർന്നു.
അശാസ്ത്രീയ നിർമ്മാണം
നിർമ്മാണം നടത്തിയപ്പോൾ ഓടകൾ വേണ്ടിടത്ത് അവ നിർമ്മിച്ചില്ല. മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന ഭാഗങ്ങളിൽ റോഡിന്റെ ഉപരിതലം ഉയർത്തിയതുമില്ല. നിലവിലുള്ള ഓടയും കലുങ്കകളും നികത്തി റോഡ് നിർമ്മിച്ചതാണ് വേഗത്തിൽ തകരാൻ കാരണമായത്.നിർമ്മാണത്തിലെ അപാകതകൾ അന്ന് പ്രദേശവാസികൾ ചൂണ്ടിക്കാണിച്ചപ്പോൾ കരാറുകരെയും ജീവനക്കാരെയും സഹായിക്കുന്ന നടപടിയാണ് ജനപ്രതിനിധികൾ അടക്കം സ്വീകരിച്ചത് .ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്. വയറപ്പുഴ പാലം നിർമ്മിച്ചു കഴിഞ്ഞാൽ എം സി റോഡിനു സമാന്തരമായി ബൈപ്പാസാക്കി മാറ്റാൻ കഴിയും.കുരമ്പാലയിൽ ആരംഭിച്ച് പൂഴിക്കാട് വയറപ്പുഴ ഞെട്ടൂരിലൂടെ എം സി റോഡിൽ മാന്തുക യിലെത്താൻ കഴിയും.അതോടെ പന്തളം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിനും പരിഹാരമാക്കും.
കുടശനാട് മേഖലയിലുള്ളവർക്ക് കുരമ്പാല ,അടൂർ ,തട്ട ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള എളുപ്പവഴിയാണ്. തകർന്നു കിടക്കുന്നതിനാൽ ടാക്സി വാഹനങ്ങൾ ഇതുവഴി വരില്ല.
റോഡ് തകർന്നുകിടക്കുന്നതിനാൻ കായംകുളം മേഖലകളിലേക്കും മറ്റും പോകുന്നതിന്ന് തവളംകുളം നിവാസികൾ എം സി റോഡിലെത്തി എം എം ജംഗ്ഷൻ- പൂഴിക്കാട് വഴി കിലോമിറ്ററുകൾ അധികം യാത്ര ചെയ്യേണ്ട സ്ഥിതിയാണ് .
വി.ഹരിഷ് കുമാർ,വലിയ വീട്ടിൽ.
തവളംകുളം
ബഡ്ജറ്റിൽ അനുവദിച്ച തുകയ്ക്ക് ഭരണാനുമതിക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്
എം.ആർ. മനുകുമാർ, അസിസ്റ്റന്റ് എൻജിനീയർ പി.ഡബ്ല്യു.ഡി പന്തളം
റോഡിന്റെ പുനർനിർമ്മാണത്തിന് 5 കോടി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് ടെൻഡർ നടപടികൾ ആരംഭിച്ചു. കുരമ്പാലയിൽ തുടങ്ങി പൂഴിക്കാട്, വലക്കടവ് വഴി എം സി .റോഡിൽ മണികണ്ഠൻ ആൽത്തറയിൽ വരെയാണ് പുനർനിർമ്മാണം.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ