ആലപ്പുഴ: ആലപ്പുഴ, കൊല്ലം ബൈപാസുകളിലെ ടോൾ ഒഴിവാക്കാനുള്ള ആവശ്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പരിഗണിക്കുന്നതായി കെ.സി.വേണുഗോപാൽ എം.പി അറിയിച്ചു. ഗതാഗത മന്ത്രാലയം ഉൾപ്പെടുന്ന പാർലമെന്റ് കമ്മിറ്റിയിൽ ൽ ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം എം.പിയെ ഇക്കാര്യം അറിയിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തുല്യ പങ്കാളിത്തത്തിൽ പൂർത്തീകരിക്കപ്പെട്ട ആലപ്പുഴ,കൊല്ലം ബൈപാസുകൾ നാലുവരി ആക്കി മാറ്റണമെന്നും, ടോൾ ഒഴിവാക്കണമെന്നും കെ.സി.വേണുഗോപാൽ കമ്മിറ്റിയിൽ ആവശ്യപ്പെട്ടു. ഇടപ്പള്ളി മുതൽ തിരുവനന്തപുരം വരെ ദേശീയപാത 66, നാല്, ആറു വരി പാതയാക്കി മാറ്റാനുള്ള നടപടികൾ പത്തു പാക്കേജുകളായിട്ടാണ് നടപ്പാക്കുന്നത്. ഇതിൽ രണ്ടു പാക്കേജുകൾ പൂർത്തീകരിച്ചു. രണ്ടെണ്ണം നിർമ്മാണത്തിലാണ്. അവശേഷിക്കുന്ന 213.7 കിലോമീറ്റർ ദൂരം വികസിപ്പിക്കാനുള്ള ആറ് പദ്ധതികൾക്ക് കരാർ ക്ഷണിച്ചിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചതായി കെ.സി.വേണുഗോപാൽ പറഞ്ഞു.