പത്തനംതിട്ട: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ ഡോക്ടറെ പൊലീസുകാരൻ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ച് സമരം നടത്തി.

ഇന്നലെ രാവിലെ 10 മുതൽ 11 വരെയായിരുന്നു സമരം. ഇ-സഞ്ജീവനി അടക്കമുള്ള സ്‌പെഷാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളുമാണ് ബഹിഷ്‌കരിച്ചത്.
എല്ലാ ആശുപത്രികളിലും പ്രതിഷേധയോഗങ്ങളും സംഘടിപ്പിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐ.പി ചികിത്സ, കൊവിഡ് ചികിത്സ എന്നിവയ്ക്ക് തടസമുണ്ടായില്ല.
പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടന്ന സമരം കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. കെ.ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.ജി.എം.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം ഡോ. ആശിഷ് മോഹൻ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. പ്രവീൺ കുമാർ, സൂപ്രണ്ട് ഡോ. താജ് പോൾ പനയ്ക്കൽ ,കോഴഞ്ചേരി ജില്ലാ ആശുപത്രി ആർ എം. ഒ ഡോ. ജീവൻ, ഐ എം എ ഭാരവാഹികളായ ഡോ. ജോസ് എബ്രഹാം ,ഡോ. ഗംഗാധരൻ പിള്ള, ഡോ. ജിത്തു വി തോമസ്, ഹെഡ് നേഴ്‌സ് ഗീതാമണി, സ്റ്റാഫ് സെക്രട്ടറി അജിത് തുടങ്ങിയവർ സംസാരിച്ചു.