പത്തനംതിട്ട: കോൺഗ്രസ് നേതൃത്വത്തിൽ കടമ്പനാട് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിവരുന്ന സമരം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുകൊണ്ടാണ് സമരം നടക്കുന്നത്.
കടമ്പനാട് പി .എച്ച്. സി ഹെൽത്ത് ഇൻസ്പെക്ടർ വാക്സിനേഷൻ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് തുടക്കം മുതൽ സ്വീകരിച്ചുകൊണ്ടിരുന്നത്. അദ്ദേഹം ക്രമവിരുദ്ധമായി ഇടപെട്ട് ഇഷ്ടക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ജില്ലയ്ക്ക് പുറത്തുള്ളവരെയും വാക്സിനേഷന് തിരുകിക്കയറ്റി. ഇതിന്റെ പേരിൽ നിരവധി പരാതികൾ പഞ്ചായത്തിൽ ലഭിച്ചിരുന്നു. വാർഡുതല ജാഗ്രതാ സമിതികളിൽ പോലും അദ്ദേഹം പങ്കെടുത്തിട്ടില്ല. ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുനിൽക്കുകയും ചെയ്തിരുന്നു . പഞ്ചായത്ത് കമ്മിറ്റി ഇത് ചർച്ചചെയ്തിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വ്യാജ പരാതി നൽകിയതോടെയാണ് പഞ്ചായത്ത് പ്രസിഡന്റിന്റെയും വൈസ് പ്രസിഡന്റിന്റെയും നേരേ നടന്ന കൈയേറ്റം സംബന്ധിച്ച് പരാതി നൽകിയത് . തുടർന്ന് പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ഹെൽത്ത് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ , മെമ്പർ വൈ. ലിന്റോ , സി. പി. എം ലോക്കൽ സെക്രട്ടറി കെ. സാജൻ, ടി. ആർ. ബിജു എന്നിവരും പങ്കെടുത്തു.