അടൂർ : വൻസാമ്പത്തിക തട്ടിപ്പുനടന്ന തറയിൽ ഫിനാൻസിൽ അടൂർ ശാഖയിൽ മാത്രം ആറുകോടിയുടെ നിക്ഷേപമാണ് ഉണ്ടായിരുന്നത്. ഉടമ പിടിയിലായെങ്കിലും പണം തിരികെക്കിട്ടുന്നത് സംബന്ധിച്ച് ആശങ്കയിലാണ് നിക്ഷേപകർ. അടൂർ പൊലീസ് സ്റ്റേഷനിൽ 37 കേസുകളുണ്ട്.
നാൽപ്പത് ലക്ഷം രൂപയാണ് വടക്കടത്തുകാവ് സ്വദേശിയായ വിമുക്തഭടൻ എൻ. ഗോപി (80) അടൂർ ശാഖയിൽ നിക്ഷേപിച്ചത്. ഒപ്പം മകളുടെ നാലു ലക്ഷവും. പെൺമക്കൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനായിരുന്നു ഇൗ തുക കരുതിവച്ചത്. 12 ശതമാനം പലിശകിട്ടുന്നതുകൂടി നിക്ഷേപത്തിലേക്ക് കൂട്ടിക്കൊണ്ടിരുന്നു. പ്രതീക്ഷകൾ സഫലമാക്കാനുള്ള ശ്രമത്തിനൊടുവിലാണ് ഉടമ കോടികളുമായി മുങ്ങിയത്.
പതിമൂന്ന് വർഷത്തോളം വിദേശത്ത് ജോലിചെയ്ത് സ്വരൂപിച്ച പണത്തിനൊപ്പം ഭൂമിയും ഭാര്യയുടെ സ്വർണവും വിറ്റുകിട്ടിയ പതിമൂന്ന് ലക്ഷം രൂപയാണ് പഴകുളം സ്വദേശിയായ റജി (48) നിക്ഷേപിച്ചത്. നാട്ടിൽ ഇലക്ട്രീഷ്യനായ റജിക്ക് പലിശയിനത്തിൽ മാസംതോറും ലഭിക്കുന്ന പതിമൂവായിരം രൂപ വലിയ ആശ്വാസമായിരുന്നു. ബാങ്കിന്റെ തകർച്ച മുന്നിൽക്കണ്ട് നിക്ഷേപകനായ റജി പണം പിൻവലിക്കാൻ പലതവണ ബാങ്ക് അധികൃതരെ സമീപിച്ചെങ്കിലും കൊവിഡ് കാല പ്രതിസന്ധിയുടെ പേരുപറഞ്ഞ് മടക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 22 ന് അടൂർ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇങ്ങനെ നിരവധി പേരാണ് തട്ടിപ്പിന് ഇരയായത്. 60 ലക്ഷം മുതൽ ഒരുലക്ഷംവരെ അടൂർ ശാഖയിൽ നിക്ഷേപിച്ചവരുണ്ട്. ആറുകോടിയോളം രൂപയുടെ നിക്ഷേപവും പണയഉരുപ്പടിയായി ലഭിച്ച ഒരു കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളും അടൂർ ശാഖയിൽ മാത്രമുണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നിക്ഷേപം കൃതമായി തിരികെ നൽകിയിരുന്നെങ്കിലും ജനുവരി മുതൽ പ്രതിസന്ധി തുടങ്ങിയതായി ജീവനക്കാർ പറയുന്നു. മാർച്ച് മാസം വരെ പല അവധികൾ നൽകി നിക്ഷേപകർക്ക് പണം തിരിച്ചുനൽകിക്കൊണ്ടിരുന്നു. പലിശയും കൃത്യമായി നൽകുന്നുണ്ടായിരുന്നു. ഇതിനിടയിൽ ഒാമല്ലൂരിലെ ഉടമയുടെ പെട്രോൾ പമ്പിലേക്ക് ലോഡ് എടുക്കുന്നതിനായി പണയ ഉരുപ്പടികൾ മറ്റ് ബാങ്കുകളിൽ ഉടമ പണയംവച്ചു തുടങ്ങി.
സംസ്ഥാന നിക്ഷേപ സംരക്ഷണനിയമം അനുസരിച്ച് ഉടമയ്ക്കെതിരെ സംസ്ഥാന സർക്കാർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകർ ഇന്നലെ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന് പരാതി നൽകി.